വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല; അന്‍വറിനെതിരെ എ കെ ബാലന്‍

അന്‍വറിന്റെ ആരോപണങ്ങള്‍ ഇവിടെ വരെ എത്തിക്കുമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് നല്ല വ്യക്തതയുണ്ടായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇടതുപക്ഷ എംഎല്‍എ പി വി അന്‍വറിന്റെ നിലപാടില്‍ പരിഭ്രാന്തിയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. അന്‍വര്‍ ബോധപൂര്‍വ്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആരോപണം ഉന്നയിച്ചത്. സിപിഐഎമ്മിന് അദ്ദേഹത്തിന്റെ അജണ്ട വ്യക്തമാണ്. അത്ഭുതമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

അന്‍വറിന്റെ ആരോപണങ്ങള്‍ ഇവിടെ വരെ എത്തിക്കുമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് നല്ല വ്യക്തതയുണ്ടായിരുന്നു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നതിലുള്ള ഗൂഢാലോചനയാണ്. ഇത് മുന്‍പേ തുടങ്ങിയതാണെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അന്‍വറിന്റെ ആരോപണങ്ങള്‍ ഗൗരവത്തോടെ കണ്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്. വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല. ഇത് അതിനേക്കാളും അപ്പുറമാണ്. അന്‍വറിന് പ്രതിഷേധം ഉണ്ടാക്കുന്ന ഒന്നും പാര്‍ട്ടി ചെയ്തിട്ടില്ല. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെക്കുറിച്ച് മുഖ്യമന്ത്രിക്കോ ഡിജിപിക്കോ പരാതി കൊടുത്തിട്ടില്ല. പിന്നീട് പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി കൊടുത്തത്. ശശിക്കെതിരായ ആരോപണം ഉള്ളി പൊളിച്ചത് പോലെ ഉണ്ടാവും. ഒരു പേടിയും ഇല്ല. തെളിഞ്ഞ വെള്ളത്തില്‍ തന്നെയാണ് സര്‍ക്കാരും എല്‍ഡിഎഫും നില്‍ക്കുന്നത്. വല്ലാത്ത രൂപത്തില്‍ ആക്രമിച്ചുകളയാം എന്ന് വിചാരിക്കരുത്. അത് പാര്‍ട്ടിയുടെ ശരീര ഘടനയെയും മനസ്സും അറിയാത്തതുകൊണ്ടാണ്. ഇതിനേക്കാള്‍ വലിയ ഭീഷണികളെയും നീക്കങ്ങളെയും ചെറുത്താണ് പാര്‍ട്ടി ഇവിടെ എത്തിയത്. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തി ഏത് അമ്പറ്റകൊമ്പന്റെ ഭാഗത്ത് നിന്നും ഉണ്ടായാലും നടപടിയെടുത്ത പാര്‍ട്ടിയാണിത്. അതിനുള്ള കാരുണ്യം പാര്‍ട്ടി കാണിക്കാറില്ല. ബിജെപി അജണ്ട നടപ്പാക്കാന്‍ അന്‍വറിനെ തിരഞ്ഞെടുത്തു എന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു.

ഇപ്പോള്‍ അന്‍വറിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അന്‍വര്‍ പറഞ്ഞത് സത്യമാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് 150 കോടി രൂപ മത്സ്യവണ്ടിയില്‍ കടത്തി കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്നിരുന്നുവെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. അതിലും പാര്‍ട്ടി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കണം എന്നും എ കെ ബാലന്‍ പറഞ്ഞു. അന്‍വറിന് പാർട്ടി തത്വങ്ങള്‍ അറിയില്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

അതേസമയം തനിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് തയ്യാറായില്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് റിയാസ് പ്രതികരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us