സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കി

dot image

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കി.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീന്‍ എം കെ നാരായണനേയും മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനേയും സസ്‌പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. ഇരുവരേയും സ്ഥലം മാറ്റി തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇത് പരിഗണിച്ചാണ് ഇരുവരേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് കുടുംബം പറഞ്ഞു. ഗവര്‍ണര്‍ ആദ്യം മുതല്‍ പിന്തുണയ്ക്കുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ക്യാമ്പസില്‍ ഉണ്ടായിരുന്നിട്ടും ഡീന്‍ ആള്‍ക്കൂട്ട വിചാരണ അറിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം കെ നാരായണനെ സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റല്‍ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്ന് കാണിച്ചാണ് കാന്തനാഥനെതിരെ നടപടി സ്വീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us