ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം; രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജായി കുമരകവും കടലുണ്ടിയും

ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്

dot image

ന്യൂഡല്‍ഹി: ലോക ടൂറിസം ദിനത്തില്‍ കേരള ടൂറിസത്തിന് അഭിമാന നേട്ടം. കേന്ദ്ര ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളം സ്വന്തമാക്കി. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് നേട്ടം സ്വന്തമാക്കിയ വില്ലേജുകള്‍. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവര്‍ണ പുരസ്‌കാരം ലഭിച്ചിരുന്നു. ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി വി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്‌കാരം. ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ എല്ലാ മാതൃകകളും കുമരകത്തിന്റെ സംഭാവനയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us