പൊലീസിനെതിരായ ആരോപണത്തിൽ സർക്കാരിനും ബോധ്യമുണ്ട്; പി വി അൻവറിന് ഭാ​ഗിക പിന്തുണയുമായി കെ ടി ജലീൽ

'തനിക്ക് ബോധ്യമാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ഇനിയും പിന്തുണ നൽകും'

dot image

തിരുവനന്തപുരം: സിപിഐഎമ്മിനെതിരായ പോരിൽ എംഎൽഎ പി വി അൻവറിനെ പിന്തുണച്ച് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ. പി വി അൻവർ പൊലീസിനെതിരെ നടത്തിയ ആരോപണത്തിൽ സർക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് അന്വേഷണത്തിന് മുതിർന്നത്. എഡിജിപി വ്യക്തിപരമായി ആർഎസ്എസ് നേതാവിനെ കാണാൻ പോകാൻ പാടില്ലായിരുന്നു. മറ്റ് കാര്യങ്ങള്‍ ഒക്ടോബർ രണ്ടിന് ശേഷം പറയുമെന്നും കെ ടി ജലീൽ റിപ്പോർട്ടറിനോട് പറഞ്ഞു.

'പൊലീസിനെതിരായ ആക്ഷേപങ്ങളിൽ സർക്കാരിന് ബോധ്യമുള്ളതു കൊണ്ടാണ് സർക്കാർ അന്വേഷണത്തിന് മുതിർന്നത്. രാജ്യത്ത് തന്നെ മിക്കയിടത്തും പൊലീസിനെ വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. എഡിജിപി ഒരിക്കലും ആർഎസ്എസ് നേതാക്കളെ കാണാൻ പാടില്ലായിരുന്നു. തന്റെ പിന്തുണ തേടിയല്ല അൻവർ രംഗത്ത് വന്നത്. അൻവർ പറഞ്ഞത് ശരിയാണ്, പിന്തുണ നൽകാമെന്ന് അൻവറിനെ വിളിച്ച്‌ പറഞ്ഞിട്ടുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചില കാര്യങ്ങളൊക്കെ അൻവറുമായി സംസാരിച്ചിട്ടുണ്ട്. അൻവറിനെ മാത്രമല്ല മുൻപ് മന്ത്രി വി. അബ്ദുറഹ്മാനെ ശക്തമായി പിന്തുണച്ചിരുന്നു. തനിക്ക് ബോധ്യമാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ഇനിയും പിന്തുണ നൽകും. ഇടതു സഹയാത്രികനായി തുടരുമോ എന്നത് ഉൾപ്പടെ ഒക്ടോബർ രണ്ടിന് ശേഷം പറയും', കെ ടി ജലീൽ പറഞ്ഞു.

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ഡോ. തോമസ് ഐസക് രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പി വി അൻവറിന്റെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണ്. പാർട്ടി നല്ലത് പക്ഷേ മുഖ്യമന്ത്രി മോശം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എത്ര വൃത്തികെട്ട രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പാർട്ടി സഖാക്കളെയും ശത്രുക്കൾക്കു മുന്നിൽ കടിച്ചുകീറാൻ നിങ്ങൾ ഇട്ടുകൊടുത്തത്. ആരോപണങ്ങൾ വഴി പാർട്ടിയുടേയും മുഖ്യമന്ത്രിയുടേയും വിശ്വാസ്യത ഇല്ലാതാക്കുകയും പാർട്ടിയെ ദുർബലപ്പെടുത്തുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.

പി വി അൻവറിന്റെ വാദങ്ങൾ തള്ളുന്നുവെന്നും വിശദമായ പ്രതികരണം പിന്നീടുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us