തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പറയും എന്ന് മാത്രമാണ് പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. മറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ടൂറിസം വകുപ്പിനെ കുറിച്ച് മാത്രമാണ് റിയാസ് പ്രതികരിച്ചത്.
'ഇന്ന് ടൂറിസം ദിനമാണ്. സര്‍വകാല റെക്കോര്‍ഡോടെ സഞ്ചാരികള്‍ എത്തിയ വര്‍ഷമാണ്. എന്റെ കേരളം എന്നും സുന്ദരം എന്നും ക്യാമ്പയിന്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുകയാണ്. നിങ്ങളും അതിന്റെ ഭാഗമാവണം', റിയാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇന്ന് റിപ്പോര്‍ട്ടര്‍ ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലും മന്ത്രി റിയാസിനെതിരെ രൂക്ഷവിമര്‍ശനമാണ് പി വി അന്‍വര്‍ ഉയര്‍ത്തിയത്. ഇവിടെ പാര്‍ട്ടി നിലനില്‍ക്കണമെന്നും ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ലെന്നുമാണ് പി വി അന്‍വര്‍ പറഞ്ഞത്.
'ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനെയും ബാക്കിയുള്ളവരെയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിന് വേണ്ടി പി വി അന്‍വറിന്റെ നെഞ്ചത്തേക്ക് കയറുകയും വേണ്ട. ഒരു റിയാസ് മാത്രം മതിയോ?', എന്നുമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചേദിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെ ഒരേസമയം മന്ത്രിസ്ഥാനവും സെക്രട്ടറിയേറ്റ് അംഗത്വവും റിയാസിന് നല്‍കിയത് ശരിയായില്ലെന്നും അന്‍വര്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരിച്ചു.
'ഇത്രയും മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്. മന്ത്രിയാവാന്‍ റിയാസിന് അര്‍ഹതയുണ്ട്. മന്ത്രി ഏത് പൊട്ടനുമാവാം. കക്ഷിയുടെയും കച്ചവടബന്ധത്തിന്റെയും ഭാഗമായി ഇവിടെ പലരും മന്ത്രിയായിട്ടുണ്ട്. മന്ത്രി സ്ഥാനം അത്ര വലിയ സംഭവമല്ല. അങ്ങനെ തോന്നിയിട്ടില്ല. ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരുന്നോ? ശരിയായില്ല. അക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശത്രുക്കളുണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അന്‍വര്‍ സൂചിപ്പിച്ചു. പി ശശിയും അജിത് കുമാറും റിയാസുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. റിയാസ് എത്രത്തോളം സജീവമാവുന്നുവെന്ന് അറിയില്ല. ഇടപെടല്‍ ഉണ്ടാവാം. എന്നാല്‍ എംആര്‍ അജിത് കുമാറും ശശിയും ആണെന്നതില്‍ സംശയമില്ലെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.