പാര്‍ട്ടി സെക്രട്ടറി മര്യാദ കാട്ടിയില്ല, ഏത് പൊട്ടനും മന്ത്രിയാവാം; കടന്നാക്രമിച്ച് പി വി അന്‍വര്‍

'പരിശോധിക്കാമെന്നെങ്കിലും പറയാനുള്ള മിനിമം മര്യാദ പാലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിക്കണമായിരുന്നു. ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്'

dot image

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ച് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ആരോപണങ്ങളില്‍ പരാതി നല്‍കിയത്. എന്നാല്‍ വേണ്ടവിധം അത് പരിഗണിക്കാനുള്ള മര്യാദ സിപിഐഎം സംസ്ഥാന സെക്രട്ടറി കാണിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെ ഒരേസമയം മന്ത്രിസ്ഥാനവും സെക്രട്ടറിയേറ്റ് അംഗത്വവും റിയാസിന് നല്‍കിയത് ശരിയായില്ലെന്നും ഇടത് എംഎല്‍എ വിമര്‍ശിച്ചു.

'പാര്‍ട്ടിയില്‍ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടാവുമെന്ന് കരുതുന്നില്ലായെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പരിശോധിക്കാമെന്നെങ്കിലും പറയാനുള്ള മിനിമം മര്യാദ പാലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിക്കണമായിരുന്നു. ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്', എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

ഇത്രയും മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെയാണ് റിയാസ് മന്ത്രിയായത്. മന്ത്രിയാവാന്‍ റിയാസിന് അര്‍ഹതയുണ്ട്. ഏത് പൊട്ടനും മന്ത്രിയാവാം. കക്ഷിയുടെയും കച്ചവടബന്ധത്തിന്റെയും ഭാഗമായി ഇവിടെ പലരും മന്ത്രിയായിട്ടുണ്ട്. മന്ത്രി സ്ഥാനം അത്ര വലിയ സംഭവമല്ല. അങ്ങനെ തോന്നിയിട്ടില്ല. ഒരേ സമയം റിയാസിനെ മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവും ആക്കേണ്ട വേഗത വേണ്ടിയിരിന്നോ? ശരിയായില്ല. അക്കാര്യം റിയാസിനോട് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശത്രുക്കളുണ്ടാവുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അന്‍വര്‍ സൂചിപ്പിച്ചു.

പി ശശിയും അജിത് കുമാറും റിയാസുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. റിയാസ് എത്രത്തോളം സജീവമാകുന്നുവെന്ന് അറിയില്ല. ഇടപെടല്‍ ഉണ്ടാവാം. എന്നാല്‍ എം ആര്‍ അജിത് കുമാറും ശശിയും ആണെന്നതില്‍ സംശയമില്ലെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

dot image
To advertise here,contact us
dot image