തൃശൂര്‍ എടിഎം കവര്‍ച്ച; പ്രതികള്‍ കേരളത്തിലെത്തിയത് വ്യാഴാഴ്ച; മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഇഖ്രാം

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുമാനിദ്ദീന്റെ പേരിലുള്ളതാണ് മോഷണത്തിന് ഉപയോഗിച്ച ലോറി

dot image

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ചയ്ക്കായി പ്രതികള്‍ കേരളത്തില്‍ എത്തിയത് ഇന്നലെ. ഹരിയാനയില്‍ നിന്ന് ബുധനാഴ്ച ചെന്നൈയില്‍ എത്തിയ ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ചെന്നൈയില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ വിമാനത്തിലും മൂന്ന് പേര്‍ കാറിലും രണ്ട് പേര്‍ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരില്‍ എത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലെ എടിഎമ്മുകള്‍ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവര്‍ച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ട് മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുമാനിദ്ദീന്റെ പേരിലുള്ളതാണ് മോഷണത്തിന് ഉപയോഗിച്ച ലോറിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റ് ചികിത്സയിലുള്ള പ്രതി അസര്‍ അലിയുടേതാണ് കാര്‍. സബീര്‍ ഖാന്‍, ഇര്‍ഫാന്‍ എന്നീ പ്രതികള്‍ എടിഎം കവര്‍ച്ചയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പുവരെ ജയിലിലായിരുന്നു. കാര്‍ കടത്താന്‍ ശ്രമിച്ച ലോറിയിലെ ക്ലീനര്‍ കസ്റ്റഡിയിലുള്ള മുബാറക്ക് ആണെന്നും പൊലീസ് കണ്ടെത്തി. അതേസമയം, മോഷണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് മുബാറക്ക് പൊലീസിന് നല്‍കിയ മൊഴി.

തൃശൂരില്‍ വിവിധയിടങ്ങളിലെ എടിഎമ്മുകളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏഴംഗ സംഘം മോഷണം നടത്തിയത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് സംഘം കൊള്ളയടിച്ചത്. എടിഎമ്മിന് പുറത്തും അകത്തുമുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ സംഘം സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മുകള്‍ തകര്‍ത്താണ് പണം കവര്‍ന്നത്. ഇതിനിടെ എസ്ബിഐ കണ്‍ട്രോള്‍ റൂം വഴി കവര്‍ച്ച സംബന്ധിച്ച സന്ദേശം പൊലീസിന് ലഭിച്ചു. മോഷണം പൂര്‍ത്തിയാക്കിയ ശേഷം മാടക്കത്തറ വരെ സംഘം സഞ്ചരിച്ചത് കാറിലാണ്. ഇതിന് ശേഷം കണ്ടെയ്‌നറിലേക്ക് കാര്‍ കയറ്റി. തമിഴ്‌നാട് വഴി രക്ഷപ്പെടുന്നതിനിടെ നാമക്കലില്‍വെച്ച് സംഘം പൊലീസിന്റെ പിടിയിലായി. പ്രതികളില്‍ നിന്ന് 67,00,000 രൂപ പൊലീസ് കണ്ടെടുത്തു.

dot image
To advertise here,contact us
dot image