
തിരുവനന്തപുരം: പി വി അന്‍വര്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദീകരിച്ചതില്‍ അപ്പുറം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സിപിഐഎമ്മിന് മറുപടിയുമായി പി വി അന്‍വര്‍ രംഗത്തെത്തി. പാര്‍ട്ടി ഓഫീസിലേക്ക് പരാതിയുമായി ആരും വരുന്നില്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് താന്‍ ഉയര്‍ത്തുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളാണ് താന്‍ ഏറ്റുപറയുന്നത്. അത് ആര്‍ക്കെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കില്‍ ആ ഏറ്റുപറച്ചില്‍ താന്‍ തുടരുമെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തത്. താന്‍ കൊടുത്ത പരാതികള്‍ പാര്‍ട്ടി പരിശോധിക്കുക പോലും ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് മാത്രമായില്ല. പൊലീസില്‍ നിന്ന് ജനത്തിന് സഹായം ലഭിച്ചില്ല. പല കേസുകളും അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസ് ചെയ്യേണ്ട പണി താന്‍ ചെയ്യേണ്ട അവസ്ഥയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ കമ്മ്യൂണിസം പഠിച്ചിട്ടില്ല. ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ എന്നും സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അച്ചടി ഭാഷ തനിക്ക് മനസിലാകില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ മടുത്ത് പുറത്തുപോകും. കമ്മ്യൂണിസ്റ്റുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നീതിയില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും. അടുത്ത ദിവസം മുഹമ്മദ് ആട്ടൂര്‍ കേസ് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനപിന്തുണയുണ്ടെങ്കില്‍ പുതിയ സംഘടന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇനി തനിക്ക് പരിമിതികളില്ല. ആരെയും പേടിക്കേണ്ട അവസ്ഥയുമില്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇനി താന്‍ തീപ്പന്തമാകും. യുവാക്കളിലാണ് തന്റെ പ്രതീക്ഷ. മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും പ്രസംഗിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.