അർജുന് ചിതയൊരുങ്ങി; കണ്ണീരിലാണ്ട് കണ്ണാടിക്കൽ

'72 ദിവസമായിട്ടും അർജുന്റെ മൃതദേഹം കണ്ടെത്തിയത് കേരളത്തിന്റെ പ്രാർത്ഥന കൊണ്ടാണ്'

dot image

കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വിട നല്‍കി നാട്. കണ്ണാടിക്കലെ അർജുന്റെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ കണ്ണാടിക്കലെ വസതിയിലെത്തിയത്.

ജൂലൈ 16നായിരുന്നു മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്. 75 ദിവസത്തിന് ശേഷം സെപ്റ്റംബർ 25നാണ് അർജുന്റെ മൃതദേഹ ഭാ​ഗം ​ഗം​ഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് കർണാടകയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ണാടിക്കലേക്ക് എത്തിച്ചത്.

കേരളത്തിന്റെ പ്രാർത്ഥനയിൽ അർജുന്റെ മൃതശരീരം കണ്ടെത്തിയതെന്ന് ഈശ്വർ മാൽപെ പറഞ്ഞു. അർജുനുമായിട്ടെ ഇനി വീട്ടിലേക്ക് വരൂ എന്ന് അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. ആയിരക്കണക്കിന് മൃതശരീരങ്ങൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതാണ്. 72 ദിവസമായിട്ടും അർജുന്റെ മൃതദേഹം കണ്ടെത്തിയത് കേരളത്തിന്റെ പ്രാർത്ഥന കൊണ്ടാണ്. ഹൈഡ്രോളിക് ജാക്കി കിട്ടിയ സ്ഥലത്ത് നിന്ന് തന്നെയാണ് ട്രക്ക് കണ്ടെത്തിയതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.

'അർജുനെ കണ്ടെത്താനായി, എന്റെ കടമ നിർവഹിച്ചു. തുടക്കം മുതൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി കേരളം വലിയ ഇടപെടൽ നടത്തിയിരുന്നു. കെ സി വേണുഗോപാൽ, എ കെ എം അഷ്റഫ് എംഎംഎ അടക്കമുള്ള കേരളത്തിൽ നിന്നുള്ള നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. കെ സി വേണുഗോപാൽ നിരവധി തവണ വിളിച്ചു. അഞ്ജുവിന് ഷിരൂരിലെത്തിയപ്പോൾ തിരച്ചിലിൽ എടുത്ത നടപടികൾ ബോധ്യപ്പെട്ടു. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്തു. മാധ്യമങ്ങളെ സല്യൂട്ട് ചെയ്യുന്നു. അർജുനെ കണ്ടെത്തുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു. ഈശ്വർ മാൽപ്പെയും കഴിയുന്നത് പോലെ പരിശ്രമിച്ചു. ഡിഎൻഎ പരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ ഇടപെട്ടു', കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.

'അർജുന്റെ വിഷയത്തിലൂടെ ഇന്ത്യയ്ക്ക് മൊത്തം ഒരു സന്ദേശം നൽകി. വിജയിക്കുമ്പോൾ ആയിരമാളുകളുണ്ടാകും. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സമയത്ത് മനുഷ്യൻ കൂടെ നിന്നില്ലെങ്കിൽ വട്ടപ്പൂജ്യമാണ്. തിരച്ചിൽ മാറ്റിനിർത്തപ്പെട്ട സമയത്ത് ബംഗളൂരുവിൽ കാണാൻ കഴിയുന്നത്ര ഉദ്യോഗസ്ഥരെയൊക്കെ ഈശ്വർ മാൽപ്പെ കണ്ടിരുന്നു. ഇതിന് പിന്നിൽ ആർക്കും അറിയാത്ത പല കാര്യങ്ങളുമുണ്ട്. കേരളം മുഴുവൻ കൂടെ നിന്നതിന് നന്ദി. സർക്കാരും പ്രതിപക്ഷ നേതാക്കളുമെല്ലാം കൂടെ നിന്നു'- മനാഫ് ട്രക്ക് ഉടമ.

'ഓരോ ദിവസവും പ്രതീക്ഷയോടെയായിരുന്നു അർജുനായുള്ള തിരച്ചിലിൽ കാത്തിരുന്നത്. അർജുനെ ജീവനോടെ ലഭിക്കാത്തതിൽ ദുഃഖമുണ്ട്. മാധ്യമങ്ങളുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അർജുനായുള്ള തിരച്ചിൽ നടക്കില്ലായിരുന്നു. കേരളത്തിലെ മാധ്യമങ്ങൾക്ക് ബിഗ് സല്യൂട്ട്. ഇതിനൊരു ഫലം കിട്ടിയില്ലായിരുന്നെങ്കിൽ മരണം വരെ വല്ലാത്തൊരു അലട്ടലായി നിൽക്കുമായിരുന്നു. ഒരു ലോറി ഡ്രൈവർക്ക് വേണ്ടി മന്ത്രിമാരും മാധ്യമങ്ങളും വരുന്നതിനെ കുറിച്ചായിരുന്നു കർണാടകയിലുള്ളവരുടെയൊക്കെ ചോദ്യം. അതാണ് ഞങ്ങളുടെ കേരളം, അതാണ് ഞങ്ങളുടെ ഒരുമ എന്ന സന്ദേശം ഇതിലൂടെ നൽകാൻ കഴിഞ്ഞു'- എ കെ എം അഷ്റഫ് എംഎൽഎ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us