റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേർന്ന തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും

പുലര്‍ച്ചെ മൂന്ന് മണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും

dot image

തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത് കോളശേരി. തൃശ്ശൂർ ആമ്പല്ലൂര്‍ കല്ലൂര്‍ കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹമാണ് നാളെ വീട്ടിലെത്തിക്കുക. പുലര്‍ച്ചെ മൂന്ന് മണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടര്‍ന്ന് നോര്‍ക്ക സജ്ജമാക്കുന്ന ആംബുലന്‍സില്‍ വീട്ടിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നര മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തീരുമാനമായത്. നിലവിൽ മൃതദേഹം റഷ്യയിലെ റോസ്റ്റോവിലെ സൈനിക ആശുപത്രയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം നോര്‍ക്ക തേടിയിരുന്നു.

Also Read:

ആ​ഗസ്റ്റ് 16നാണ് സന്ദീപ് ചന്ദ്രൻ കൊല്ലപ്പെട്ടതായി കുടുംബാം​ഗങ്ങൾക്ക് റഷ്യയിലെ മലയാളി സംഘടനകൾ വഴി വിവരം ലഭിക്കുന്നത്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും കുടുംബം പരാതി നൽകിയിരുന്നു. സന്ദീപിന്റെ മരണത്തിലൂടെയാണ് കൂലിപ്പട്ടാളത്തിൽ നിരവധി മലയാളികൾ ചേർന്ന വിവരം പുറത്തുവരുന്നത്. കൊല്ലപ്പെട്ട സന്ദീപ് മോഹന്റെ ഒപ്പം റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ, ബിനിൽ ബാബു എന്നിങ്ങനെ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്. ഏജന്റ് മുഖേന വിസിറ്റ് വിസയിലാണ് ഇവർ റഷ്യയിൽ എത്തിയത്. തുടർന്നിവർ കൂലിപ്പട്ടാളത്തില്‍ ചേരുകയായിരുന്നു. റിനിൽ തോമസ് , സന്തോഷ് ഷൺമുഖന്‍, സിബി ബാബു എന്നിവരെ നാട്ടിലെത്തിച്ചു.

dot image
To advertise here,contact us
dot image