'മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം'; പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി

പുഷ്പനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി ഉള്ളില്‍ ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുഷ്പനെന്ന പേര് കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണ്. പുഷ്പനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി ഉള്ളില്‍ ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1994, നവംബര്‍ 25 ഈ നാട് ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട പുഷ്പന് ജീവന്‍ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവെയ്പ് പുഷ്പനെ എന്നന്നേയ്ക്കുമായി ശയ്യാവലംബിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ നേരിട്ട ദുരന്തത്തില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാര്‍ട്ടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്തസാക്ഷിത്വം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്തെന്ന ചോദ്യത്തിന് ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് പുഷ്പന്‍. അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us