അർജുന് ജന്മാനാടിന്റെ യാത്രാമൊഴി: ഒരുനോക്ക് കാണാന്‍ ജനസാഗരം

'മകൻ മരിച്ചു എന്ന് ഒരു അമ്മയ്ക്ക് ഊഹിക്കാൻ പറ്റില്ലല്ലോ. അത് അറിയണ്ടേ. അതിനായിരുന്നു കഷ്ടപ്പെട്ടത്'

dot image

കോഴിക്കോട്: വൈകാരികമായ നിമിഷങ്ങൾക്കാണ് കോഴിക്കോട് കണ്ണാടിക്കൽ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. 75 ദിവസത്തെ കാത്തിരിപ്പിന് ശേഷം ​ഗം​ഗാവലിപ്പുഴയിൽ കാണാതായ അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് കണ്ണാടിക്കലെ വീട്ടിൽ സംസ്കരിക്കും. സാധാരണക്കാരായ മനുഷ്യരും രാഷ്ട്രീയക്കാരുമടക്കം വൻ ജനാവലിയാണ് അർജുന്റെ അവസാന യാത്രയ്ക്ക് സാക്ഷികളാകാൻ എത്തിയിരിക്കുന്നത്. മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ച് പൊതുദർശനം പുരോഗമിക്കുകയാണ്. കുടുംബാം​ഗങ്ങൾ കണ്ട ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഈശ്വർ മാൽപെ, കാർവാർ എംഎൽഎ സതീഷ് സെയിൽ തുടങ്ങിയവരും കണ്ണാടിക്കലിൽ എത്തിയിട്ടുണ്ട്.

തങ്ങളുടെ ജോലിയല്ല കടമയാണ് ചെയ്തതെന്ന് കാർവാർ എംഎല്‍എ പറഞ്ഞു. 'ഡ്രഡ്ജർ കൊണ്ടുവന്നതിന് ശേഷം വിജയിച്ചുവെന്ന സന്തോഷമുണ്ട്. അവസാനം വാഹനമുൾപ്പെടെ കണ്ടെത്താനായി. അർജുന്റെ സഹോദരി ആദ്യ ഘട്ടത്തിൽ തിരച്ചിലിൽ അതൃപ്തിയറിയിച്ചിരുന്നു. പിന്നീട് അർജുന്റെ സഹോദരിയെ ഡ്രഡ്ജറിൽ കൊണ്ടുപോയി. നമ്മൾ ഈ ദൗത്യത്തിൽ വിജയിക്കുമെന്നും സഹോദരിക്ക് ഉറപ്പ് നൽകി. പിന്നീട് അർജുന്റെ സഹോദരിക്കും സമാധനമുണ്ടായി. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തുവെന്ന് സഹോദരി പറ‍ഞ്ഞു. ഇത് ഞങ്ങളുടെ ജോലിയല്ല സർ, കടമയാണ്' - കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു.

'കണ്ണൂർ നിന്നും മലപ്പുറത്തുനിന്നുമൊക്കെ നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ എത്തിയിരിക്കുന്നത്. അവരുടെ വീട്ടിലെ ഒരു അം​ഗം നഷ്ടപ്പെട്ടത് പോലെയാണ് അവർ എത്തിയത്. 75 ദിവസമായി നമ്മൾ എല്ലാവരും കാത്തിരിക്കുകയാണ്. ഈ ഒരു സംഭവം ഒരുപാട് സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട്. മനാഫിന്റെ വാക്കുകൾ മലയാളിയെ സംബന്ധിച്ച് നൽകിയ ഒരുപാട് ആത്മവിശ്വാസമുണ്ട്. പലവിധ വിദ്വേഷങ്ങൾ പ്രചരിക്കുന്ന സമയത്ത് അർജുനും മനാഫും ജ്യേഷ്ഠന്മാരെ പോലെ ജീവിക്കുന്നത് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്. മൃതദേഹം ലഭിക്കാൻ ഒരുപാട് പേർ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സർക്കാർ, കാർവാർ എംഎൽഎ സതീഷ് സെയിൽ, മഞ്ചേശ്വരം എംഎൽഎ, ഈശ്വർ മാൽപെ അങ്ങനെ നിരവധി പേർ. നമ്മുടെ കാത്തിരിപ്പിനുള്ള വിരാമം മാത്രമാണിത്'. - യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

ആർഎംപി നേതാവ് കെ കെ രമയുടെ പ്രതികരണം, '72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം കിട്ടുന്നത്. ആ കുടുംബത്തിന് ചെറുതായെങ്കിലും ഒരു ആശ്വാസം എന്ന് മാത്രമേ ഇത് പറയാനാകൂ. ഓരോ വീട്ടിലെയും അം​ഗത്തെ പോലെയായി അർജുൻ മാറിയിട്ടുണ്ട്. ജീവനോടെ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ലെന്ന ദുഖമുണ്ട്.'

ആയിരങ്ങളുടെ അനു​ഗ്രഹവും പ്രാർത്ഥനയും അർജുനൊപ്പമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

'മരിച്ചു എന്ന് ഊഹിക്കാൻ പറ്റില്ലല്ലോ ഒരു അമ്മയ്ക്ക്. അത് അറിയണ്ടേ.. നമ്മൾ ഇത്രയൊക്കെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് എല്ലാവരും ചോദിച്ചേക്കാം. പെറ്റവയറിന്റെ പതപ്പുണ്ടല്ലോ.. അത് അവർക്ക് അറിയില്ലല്ലോ.. മകൻ മിസ്സിങ് ആണെന്ന് പറയുമ്പോൾ അതൊരു കാത്തിരിപ്പാണ്. ഇപ്പൊ ഒരു ഉറപ്പായല്ലോ. ആ മനസ് അറിയുമ്പോഴേ നമുക്ക് മനസിലാകൂ എന്തിനാ നമ്മൾ ഇത്ര കഷ്ടപ്പെട്ടതെന്ന്. മനാഫിന്റെ കാത്തിരിപ്പും കാണാതിരിക്കാൻ സാധിക്കില്ല. മനുഷ്യത്വത്തിന്റെയൊക്കെ മറ്റൊരു രൂപമാണത്. ലോകത്തിന് മനസിലായല്ലോ ഇങ്ങനെയും ചില ബന്ധങ്ങളുണ്ടെന്ന്'. - ബീന ഫിലിപ്പ് കോഴിക്കോട് മേയർ പറയുന്നു.

- അർജുന്റെ സു​ഹൃത്തിന്റെ പ്രതികരണം;

'4-5 കൊല്ലമായി ജോലിയുടെ ഭാ​ഗമായി പോയതോടെയാണ് അവനെ കാണാതായത്. അതുവരെ നാട്ടിലുണ്ടാകുമായിരുന്നു. സംഘടനയുടെ ഭാ​ഗമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ക്ലബ്ലിലും ഒരുമിച്ചാണ്. യാത്രകൾ ചെയ്തിട്ടുണ്ട്. ജോലിക്കു പോയി തുടങ്ങിയതിൽ പിന്നെ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിലേക്ക് വരിക. രാത്രി വരും. അവനെത്തി എന്ന് അറിഞ്ഞ് കാണാൻ പോകുമ്പേഴേക്കും തിരിച്ച് പോയിട്ടുണ്ടാകും. എന്ത് കാര്യം ഏൽപ്പിച്ചാലും അത് നൂറ് ശതമാനം എഫേർട്ട് എടുത്ത് ചെയ്യുന്ന ആളാണ് അർജുൻ. അത് തന്നെ ഈ ജോലിയിലും ചെയ്തിരുന്നു. ഉറക്കത്തിന്റെ പ്രശ്നം ഉള്ളത് കൊണ്ട് വണ്ടിയിൽ പോകുന്ന സമയത്ത് നമ്മളെയൊക്കെ വിളിച്ചാണ് അവൻ വണ്ടിയോടിക്കുക. നാട്ടിലെ അവന്റെ ചില അടുത്ത സുഹൃത്തുക്കളുണ്ട്. അവരെയൊക്കെ വിളിക്കും സംസാരിക്കും. നാട്ടിലെ വിഷയങ്ങളൊക്കെ അങ്ങനെയാണ് അറിയുന്നത്. വാർത്തകൾ ഒരുപാട് കാണുന്ന ആളായിരുന്നു അർജുൻ. നാട്ടിലുള്ളവരേക്കാൾ നാട്ടിലെ കാര്യങ്ങൾ അവന് അറിയാമായിരുന്നു.'

''അർജുൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുഴയിൽ പോയി എന്ന് പറയുന്നത് വരെ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. കുറച്ചു കാലങ്ങളായി വീടു പണിയും ജോലി സാ​ഹചര്യവുമൊക്കെ കാരണം കൂടുതൽ സമയം വീട്ടിലായിരിക്കും. അത്യാവശ്യ കാര്യങ്ങളുണ്ടെങ്കിൽ മുൻപന്തിയിലുണ്ടാകും. പ്രളയസമയത്തെ കാര്യങ്ങളെ കുറിച്ച് പറയാതെ പറ്റില്ല. 2018-19 കാലത്തെ പ്രളയ കാലത്ത് സജീവമായി എല്ലാ കാര്യത്തിനും പ്രവർത്തിച്ച കുട്ടിയാണ് അർജുൻ. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. മെഡിക്കല്‍ കോളേജിലെ പൊതിച്ചോറ് കൊടുക്കുന്നതിനൊക്കെ അർജുൻ ഉണ്ടാകാറുണ്ട്' - അർജുന്റെ അയൽവാസികൾ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us