കണ്‍സഷന്‍ പാസുകള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആപിലൂടെ കണ്‍സഷന് വേണ്ടി അപേക്ഷിക്കാം

dot image

കോഴിക്കോട്: സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിന് പുതിയ ആപ് രൂപീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആപ് രൂപീകരിക്കുന്ന വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറി ഉദ്ഘാടനം ചെയ്യവേയാണ് ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആപിലൂടെ കണ്‍സഷന് വേണ്ടി അപേക്ഷിക്കാം. തുടര്‍ന്ന് എം വി ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ കയറുന്ന ബസില്‍ പണം നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡ് വിജയകരമായതിനെ തുടര്‍ന്നാണ് സ്വകാര്യ ബസുകളിലും ഈ രീതി നടപ്പാക്കാനൊരുങ്ങുന്നത്. അതേസമയം എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഏതാനും ആഴ്ചകള്‍ക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കെഎസ്ആര്‍ടിസി ബസുകള്‍ എപ്പോള്‍ വരുമെന്ന് യാത്രക്കാര്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രിന്റ് ചെയ്ത കാര്‍ഡ് വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ട്രാഫിക് കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സിറ്റിസണ്‍ ആപ്പും രൂപീകരിക്കും.

dot image
To advertise here,contact us
dot image