എടിഎമ്മുകള്‍ തട്ടാനെത്തിയത് 'മേവാത്തി ഗ്യാങ്'; ഇളങ്കോയുടെ ആ അനുഭവം പ്രതികളെ കണ്ടെത്തി

പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ മുന്‍ അനുഭവമാണ് പെട്ടെന്ന് തന്നെ പ്രതികളെ പിടിക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറഞ്ഞു.

dot image

തൃശൂര്‍: തൃശ്ശൂരില്‍ മൂന്ന് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഘം കുപ്രസിദ്ധമായ 'മേവാത്തി ഗ്യാങ്' ആണെന്ന് കേരള പൊലീസ്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ മുന്‍ അനുഭവമാണ് പെട്ടെന്ന് തന്നെ പ്രതികളെ പിടിക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെ

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നത്. 20 കിലോമീറ്റര്‍ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നായി 68 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എടിഎം കൗണ്ടറില്‍ അലാം ഉണ്ടായിരുന്നതിനാല്‍ മിനിറ്റുകള്‍ക്കകം പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ച നടത്തിയത് അന്യ സംസ്ഥാനക്കാരായ പ്രഫഷണല്‍ മോഷ്ടാക്കളാണെന്ന് തുടക്കത്തില്‍ തന്നെ മനസിലാക്കിയിരുന്നു.

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ മുന്‍ അനുഭവത്തില്‍നിന്നാണ് എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ മേവാത്തി ഗ്യാങ് ആകാമെന്ന സൂചന ലഭിച്ചത്. മൂന്നു വര്‍ഷം മുന്‍പു കണ്ണൂരില്‍ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എടിഎം കവര്‍ച്ച നടത്തിയപ്പോള്‍ ഇളങ്കോ അവിടെ ജില്ലാ പോലീസ് മേധാവി ആയിരുന്നു. അന്ന് കേരള പോലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്.

സമാനമായി ഈ കേസിലും സിസിടിവി ദൃശ്യങ്ങളും ടോള്‍ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാര്‍ | പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു എന്ന് കണ്ടെത്തി. അങ്ങനെ തൃശൂരിലെ കൊള്ളയുടെ പിന്നില്‍ മേവാത്തി ഗാങ് ആകാമെന്ന വിവരം കമ്മിഷണര്‍ അയല്‍ സംസ്ഥാനങ്ങളിലെ പോലീസിന് കൈമാറുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പരിശോധന ഊര്‍ജിതമാക്കി.


കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം രാവിലെ 8:45ന് തമിഴ്‌നാട് പൊലീസിന് കൈമാറി. നാമക്കലിലെ കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പൊലീസ് സംഘം കണ്ടെയ്‌നറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോയ ലോറി സഹസികമായാണ് തമിഴ്‌നാട് പോലീസ് തടഞ്ഞുനിര്‍ത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കവര്‍ച്ചയ്ക്കായി പ്രതികള്‍ കേരളത്തില്‍ എത്തിയത്. ഹരിയാനയില്‍ നിന്ന് ബുധനാഴ്ച ചെന്നൈയില്‍ എത്തിയ ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ചെന്നൈയില്‍ എത്തിയത്. ഇതില്‍ രണ്ടു പേര്‍ വിമാനത്തിലും മൂന്ന് പേര്‍ കാറിലും രണ്ടുപേര്‍ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരില്‍ എത്തിയശേഷം പ്രതികള്‍ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തത്.


കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണ്. എടിഎമ്മുകള്‍ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവര്‍ച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീന്‍ ആണ് തമിഴ്‌നാട് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അസീര്‍ അലി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.

dot image
To advertise here,contact us
dot image