ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശമായി നെഹ്റു ട്രോഫി ജലമഹോത്സവത്തിന് തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വള്ളംകളിയിൽ 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരിക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം നടന്നത്. ആദ്യ ഹീറ്റ്സിൽ ആനാരി പുത്തൻ ചുണ്ടനും രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളവും ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ തലവടി ചുണ്ടൻ ഒന്നാമനായി. നാലാം ഹീറ്റ്സിൽ വീയപുരം ചുണ്ടൻ, അഞ്ചാം ഹീറ്റ്സിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.
ഇനി നടക്കാനിരിക്കുന്ന അവസാന പോരാട്ടത്തിൽ ഇത്തവണത്തെ ജലരാജാക്കന്മാർ ആരെന്ന് അറിയാം. കഴിഞ്ഞ തവണത്തെ വിജയികളായ വീയപുരം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാമതായി. നാലാം ഹീറ്റ്സിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളാണ് ഏറ്റവും ആവേശകരമായി തുഴഞ്ഞെത്തിയത്. അഞ്ചാം ഹീറ്റ്സിലെ കാരിച്ചാൽ ചുണ്ടനാണ് ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്തത്. 4 മിനുട്ടും 14 സെക്കന്റുമാണ് പള്ളാത്തുരുത്തി തുഴഞ്ഞ കാരിച്ചാൽ ഫിനിഷ് ചെയ്യാനെടുത്തത്.
ഫൈനലിലേക്ക് യോഗ്യത നേടിയവർ
നിരണം ചുണ്ടൻ,
വീയപുരം ചൂണ്ടൻ,
നടുഭാഗം ചുണ്ടൻ,
കാരിച്ചാൽ ചുണ്ടൻ
ഓഗസറ്റ് 10നായിരുന്നു വള്ളം കളി നടക്കേണ്ടിയിരുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവെച്ചിരുന്നു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായത്. റിപ്പോർട്ടറിലൂടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.