കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മൂന്നുദശകത്തിന്റെ സഹനത്തിന്റെ പേരായിരുന്നു പുഷ്പനെന്ന് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. പുഷ്പനെ കാണുമ്പോഴൊക്കെ വാക്കുകളില്‍ ആത്മവിശ്വാസം ഉയര്‍ന്നു കേട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
'പ്രിയ സഖാവ് പുഷ്പന്‍ വിടവാങ്ങി. മൂന്നുദശകത്തിന്റെ സഹനത്തിന്റെ പേരായിരുന്നു പുഷ്പന്‍. ഞങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരായിരുന്ന കാലത്തായിരുന്നു 'കൂത്ത്പറമ്പ് വെടിവെയ്പ്പ്' നടക്കുന്നത്. അഞ്ചു ധീരസഖാക്കള്‍ രക്തസാക്ഷിത്വം വരിച്ചു. വെടിയേറ്റ് വീണ പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി. കുത്തുപറമ്പ് കേവലം ഒരു സ്ഥലപേരുമാത്രമല്ലാതായി.
കാണുമ്പോഴൊക്കെ വാക്കുകളില്‍ ആത്മവിശ്വാസം ഉയര്‍ന്നു കേട്ടു. ക്ഷീണിതനായിരിക്കുമ്പോഴും കണ്‍കളില്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങളുണ്ടായിരുന്നു. പ്രിയ സഖാവേ, റെഡ് സല്യൂട്ട്,' പി രാജീവ് കുറിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുഷ്പന്‍ അന്തരിച്ചത്. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.