തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ ആർഎസ്എസ് കൂടിക്കാഴ്ച ഇടത് പക്ഷത്തിന്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പ്രകാശ് ബാബു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. രണ്ട് പേരെയും കണ്ടുവെന്ന് എഡിജിപി സമ്മതിക്കുന്നുണ്ട്. ഈ പൊലീസുകാരന് മതേതര രാജ്യത്തെ ജനങ്ങളെ എങ്ങനെ നീതീപൂർവ്വമായി കാണാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. തിരുത്തേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് തിരുത്തണമെന്നും എഡിജിപി എം ആർ അജിത്കുമാറിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാണ് സിപിഐയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറയുന്നത് പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡിജിപിക്ക് നൽകിയ എഡിജിപി അജിത്കുമാറിന്റെ മൊഴിയിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ആറര മണിക്കൂർ നടത്തിയ മൊഴിയെടുപ്പിൽ ആർഎസ്എസ് നേതാക്കളെ കണ്ടിരുന്നുവെന്നും സ്വകാര്യ സന്ദർശനമായിരുന്നുവെന്നും എഡിജിപി ആവർത്തിച്ചു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയത്. കോവളത്ത് മാധ്യമസ്ഥാപനത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാം മാധവിനെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും ഒപ്പം സുഹൃത്തായ ജയകുമാർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും എഡിജിപി മൊഴി നൽകിയിരുന്നു.