പി വി അന്‍വര്‍ പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് ഒരു വിഭാഗം

ഉദ്ഘാടന പ്രസംഗത്തിലും സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം പി വി അന്‍വര്‍ ആവര്‍ത്തിച്ചു

dot image

പാലക്കാട്: പാലക്കാട് അലനെല്ലൂരില്‍ പി വി അന്‍വര്‍ പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം. രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്ത നടപടിയില്‍ പ്രതികരണം തേടവെ ഒരു വിഭാഗം ആളുകള്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പാലക്കാട് റിപ്പോര്‍ട്ടര്‍ ഹാത്തിഫ് മുഹമ്മദ്, മണ്ണാര്‍ക്കാട്ടെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സൈതലവി എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അന്‍വറിനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും വൈകിട്ട് യോഗം വിളിച്ചതല്ലേ, അവിടെ പറയുമെന്നും പറഞ്ഞാണ് കയ്യേറ്റം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അന്‍വര്‍. വ്യാപാരികളില്‍ ആരും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിലും സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനം പി വി അന്‍വര്‍ ആവര്‍ത്തിച്ചു. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഒരിക്കലും ശത്രുക്കളല്ല. പൊലീസിനകത്ത് ക്രിമിനല്‍ സംഘത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് തടയണം. പ്രതികരണശേഷിയില്ലാതെയാണ് ഇന്നത്തെ തലമുറ വളരുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

പൊലീസ് ക്രൂരതകളുടെ ഇരയായ നിരപരാധികളുടെ കുടുംബങ്ങളെ വിളിച്ചുചേര്‍ത്ത് യോഗം നടത്തും. ഡാന്‍സാഫ് സംഘത്തിന്റെ കള്ളക്കളികളില്‍ നിരപരാധികള്‍ കുടുങ്ങുന്നു. ഇത് കണ്ടിട്ടും കാണാത്തതുപോലെ താന്‍ നടക്കണോയെന്നും പി വി അന്‍വര്‍ ചോദിച്ചു. ലഹരി വില്‍പ്പന നടത്തുന്നതും അതിന്റെ പങ്കുപറ്റുന്നതും പൊലീസാണ്. കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമാണ് ചില ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍. നെഞ്ചുവേദനിച്ചിട്ടാണ് ഈ തുറന്നുപറച്ചില്‍ എന്നും പി വി അന്‍വര്‍ പറഞ്ഞു.

ആരും ആരുടേയും അടിമയാകാതിരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയം ഓരോരുത്തരുടെയും സ്വയംരക്ഷയ്ക്കാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തത് വിളിച്ചുപറയാനും പറ്റണം. വ്യവസായ വകുപ്പ് മന്ത്രി ഈ നാട്ടില്‍ ഉണ്ട്. വ്യാപാരികളെ കൂടി മന്ത്രി കൂടെ കൂട്ടണം. നിയമസഭ സമ്മേളനത്തില്‍ ഇത്തവണ സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അവിടെ വ്യാപാരികള്‍ക്കായി ചിലത് പറയാമെന്നും അന്‍വര്‍ ഉറപ്പ് നല്‍കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us