വൈദ്യുതി പ്രതിസന്ധി നേരിടാൻ കേരളത്തിന് വൈദ്യുതി അനുവദിച്ച് കേന്ദ്രം

300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്

dot image

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് 177 മെ​ഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം. വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചത്. ഒക്ടോബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ വൈദ്യുതി ലഭ്യമാവും.

യൂണിറ്റിന് അഞ്ച് രൂപയിൽ താഴെ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്. ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്.

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1, 2 നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക. നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറിയെയും ജോയിൻ്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെപ്പറ്റി വിശദീകരിച്ചിരുന്നു. തുടർന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയവുമായി നിരന്തരമായ കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. വേനൽക്കാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകുമെന്നാണ് നി​ഗമനം.

ആറുമാസത്തേക്ക് പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയും ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 24.8 ശതമാനം വരെ വർദ്ധനയുണ്ടാകാനിടയുണ്ടെന്ന് കെഎസ്ഇബി കമ്മീഷനെ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us