ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ പിടികൂടാത്തത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെ പൊലീസിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേട് അല്ലെന്ന് സതീദേവി പറഞ്ഞു. പൊലീസ് സിദ്ദിഖിന് ഒരു ഒത്താശയും ചെയ്തു നല്‍കിയിട്ടില്ല. പൊലീസിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതെന്നും സതീദേവി പറഞ്ഞു.
കേസില്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് സതീദേവിയുടെ പ്രതികരണം. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതി പരിഗണിക്കും.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിഷേധിച്ച ഹൈക്കോടതി സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയില്‍ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.