തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവർ പറയുന്നതെല്ലാം അസംബന്ധമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മതവിശ്വാസം പാലിക്കാൻ അനുവദിക്കുന്നില്ലെന്ന അൻവറിന്റെ ആരോപണം അസംബന്ധമാണ്. ആർക്കോ വേണ്ടി അൻവർ കള്ളം പറയുകയാണെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അൻവർ എംഎൽഎ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അസത്യം പറയുന്ന നിലയിലേക്ക് അൻവർ അധ:പതിച്ചു പോയി. ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം. സർക്കാരിന് വിമർശിച്ചോളൂ പക്ഷേ അസത്യങ്ങളെ ആശ്രയിക്കരുത്. പാർട്ടിയെ ആക്രമിക്കാൻ അസത്യങ്ങൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നിലമ്പൂരിൽ നടന്ന വിശദീകരണ യോഗത്തിൽ നിരവധി ആരോപണങ്ങളാണ് സർക്കാരിനും പാർട്ടിക്കുമെതിരെ പി വി അൻവർ ഉന്നയിക്കുന്നത്. വൻ ജനാവലിയോടെയാണ് പി വി അൻവറിനെ സ്വാഗതം ചെയ്യാനെത്തിയത്. പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച് കാര്യങ്ങളാണ് ഇതെന്നും എംഎൽഎ പറയുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുകയെന്നും ജനങ്ങൾ പറയുന്നു. അൻവറിന്റെ ആത്മവിശ്വാസം കൂട്ടുന്ന നിലയിലാണ് യോഗത്തിലെ ജനപിന്തുണയും.
വർഗീയതയെക്കുറിച്ച് സംസാരിച്ചാണ് പി വി അൻവർ യോഗം ആരംഭിച്ചത്. ആർക്ക് വേണ്ടി താൻ ശബ്ദമുയർത്തിയോ അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്ന് അൻവർ പറഞ്ഞു. ഷാജൻ സ്‌കറിയയെ തടിയിടാൻ ഉള്ള പരിശ്രമമാണ് ഇവിടെ വരെ എത്തിച്ചത്. നാട് കുട്ടിച്ചോറാക്കാൻ ഷാജൻ സക്കറിയ നാലഞ്ച് വർഷമായി പരിശ്രമിക്കുന്നു. രാജ്യത്ത് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആർക്കും സമയമില്ലെന്നും ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. യുവാക്കൾ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു.