'സാധാരണക്കാരുടെ ജീവൻ സര്‍ക്കാരിന് പ്രശ്‌നമല്ല'; എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ വിമർശിച്ച് വി ഡി സതീശൻ

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സതീശന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചത് ലാഘവത്വത്തോടെയാണെന്നും സാധാരണക്കാരുടെ ജീവന്‍ സര്‍ക്കാരിന് ഒരു പ്രശ്‌നമെയല്ലന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

'തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂറിലധികം സമയമാണ് വൈദുതി മുടങ്ങിയത്. എസ്എടി പോലെ സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി ഇരുട്ടിലായിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് പ്രതികരിച്ചത്. രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം താല്‍ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചത്. എന്നാല്‍ വൈദ്യുതി ഇല്ലാതായിട്ടും അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണികളും നവജാത ശിശുക്കളും ഉള്‍പ്പെടെയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകാതിരുന്നത് അദ്ഭുതകരമാണ്', അദ്ദേഹം പറഞ്ഞു.

വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് പ്രതിഷേധിച്ച രോഗികളുടെ ബന്ധുക്കളേയും കൂട്ടിരിപ്പുകാരേയും പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പരാതിയുണ്ടെന്നും ഇക്കാര്യത്തിലും ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

dot image
To advertise here,contact us
dot image