സിപിഐഎം പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി അന്‍വറിന്റെ ശക്തിപ്രകടനം; നിലമ്പൂരില്‍ വിശദീകരണ യോഗം ഇന്ന്

പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം

dot image

മലപ്പുറം: സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

പി വി അന്‍വറിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനത്തിന് പിന്നാലെ വലിയ പ്രതിഷേധ പരിപാടികളാണ് മലപ്പുറത്തും കോഴിക്കോടും അരങ്ങേറിയത്. പി വി അന്‍വറിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കിയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവര്‍ ഒരുഘട്ടത്തില്‍ തനിക്കനുകൂലമായി മുദ്രാവാക്യം വിളിക്കുമെന്നായിരുന്നു ഇതിനോട് പി വി അന്‍വര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ എന്‍ മോഹന്‍ദാസ് പക്കാ ആര്‍എസ്എസ് എന്നായിരുന്നു അന്‍വറിന്റെ ആരോപണം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായി മോഹന്‍ദാസിന് അടുത്ത ബന്ധമാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. ഇതടക്കമുള്ള തെളിവുകളാകും അന്‍വര്‍ ഇന്ന് പുറത്തുവിടുക.

മലപ്പുറം പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി വി അന്‍വര്‍ സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധത്തിന് തുടക്കമിട്ടത്. മുന്‍ എസ്പി സുജിത് ദാസിന് മലപ്പുറത്തു നടക്കുന്ന സ്വര്‍ണം പൊട്ടിക്കലില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേയും അന്‍വര്‍ രംഗത്തെത്തി. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു വിമര്‍ശനം. തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയായിരുന്നു അന്‍വറിന്റെ അടുത്ത ഉന്നം. പി ശശിക്കെതിരെയും ആരോപണങ്ങള്‍ വന്നതോടെ പി വി അന്‍വറിനെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. പി വി അന്‍വറിന്റേത് ഇടതു പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പി വി അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിന് പിന്നാലെ പി വി അന്‍വറിനെ പൂര്‍ണമായും തള്ളി സിപിഐഎം രംഗത്തെത്തി. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടാണ് വിശദീകരണയോഗം വിളിക്കുമെന്നും പരസ്യമായി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അന്‍വര്‍ വ്യക്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us