നിലമ്പൂര്‍: വന്‍ ജനാവലിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വിശദീകരണ യോഗം. നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. വര്‍ഗീയതയെക്കുറിച്ച് സംസാരിച്ചാണ് പി വി അന്‍വര്‍ യോഗം ആരംഭിച്ചത്. ആര്‍ക്ക് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയോ അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്ന് അന്‍വര്‍ പറഞ്ഞു. ഷാജന്‍ സ്‌കറിയയെ തടിയിടാന്‍ ഉള്ള പരിശ്രമമാണ് ഇവിടെ വരെ എത്തിച്ചത്. നാട് കുട്ടിച്ചോറാക്കാന്‍ ഷാജന്‍ സക്കറിയ നാലഞ്ച് വര്‍ഷമായി പരിശ്രമിക്കുന്നു. രാജ്യത്ത് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ലെന്നും ഫാസിസം കടന്നു വരുന്നത് മൊബൈല്‍ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കരുതിയതല്ല. ആര്‍ക്ക് വേണ്ടിയാണോ ഞാന്‍ പോരാട്ടത്തിനിറങ്ങിയത് അവരെ തന്നെ മുന്നില്‍ നിര്‍ത്തി, അവരുടെ ജീവിത നിലവാരം വീണ്ടും പ്രതിസന്ധിയിലാക്കുന്ന വിധം, ആര്‍ക്ക് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയോ അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം. അടിസ്ഥാനപരമായി നാട്ടില്‍ ചര്‍ച്ചയാകുന്ന വിഷയം വര്‍ഗീയതയാണ്. എന്തിനും ഏതിനും മനുഷ്യനെ വര്‍ഗീയമായി കാണുന്ന രീതിയില്‍ കേരളവും മെല്ലെ നീങ്ങുകയാണ്. ഒരു മനുഷ്യന് ഒരു കാര്യം ഉന്നയിച്ചാല്‍ ആ വിഷയം നോക്കുന്നതിന് പകരം അവന്റെ പേര് എന്താണെന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അന്‍വറായത് കൊണ്ട് എന്നെ മുസ്ലിം തീവ്രവാദിയാക്കാനാണ് ശ്രമം. അഞ്ച് നേരം നമസ്‌കരിക്കുന്നവനാണെന്ന് പറഞ്ഞതാണ് ഇന്ന് വലിയ ചര്‍ച്ച'; അൻവർ പറഞ്ഞു.
ഓം ശാന്തി, ആകാശത്തിരിക്കുന്ന കര്‍ത്താവ് ഭൂമിയിലെ മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസ്സലാമു അലൈക്കും, ലാല്‍ സലാം എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ വേദികളില്‍ പ്രാര്‍ത്ഥന പാടില്ലെന്നാണ് തന്റെ നിലപാടെന്നും ബാങ്കിന്റെ കാര്യത്തിലെങ്കിലും എല്ലാവരും ഒരുമിച്ച് ഒരു സമയത്താക്കാനുള്ള ആലോചനയുണ്ടാകണണെന്ന് സ്‌നേഹപൂര്‍വും അഭ്യര്‍ത്ഥിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.