തിരുവനന്തപുരം: പരിചയക്കാരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാന്‍ വിള തെക്കേമഠവിളാകം വീട്ടില്‍ അജി എന്ന അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
പരിചയക്കാരുടെ രേഖകള്‍ ഉപയോഗിച്ച് തവണ വ്യവസ്ഥയിലാണ് അജീഷ് തട്ടിപ്പ് നടത്തുന്നത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ പരിചയക്കാരില്‍ നിന്ന് വാങ്ങി മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നു. ഇരുപതോളം പേരില്‍ നിന്നാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയത്.
തട്ടിപ്പിനിരയായവര്‍ ഇപ്പോള്‍ വാങ്ങാത്ത ഫോണിന് മാസം തോറം ഇഎംഐ അടക്കേണ്ട അവസ്ഥയിലാണ്. നെയ്യാറ്റിന്‍കരയിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ ഫോണുകള്‍ വാങ്ങിയത്. തനിക്ക് ഫോണ്‍ ഇല്ലെന്നും വായ്പ അടിസ്ഥാനത്തില്‍ ഫോണെടുക്കാന്‍ രേഖകള്‍ നല്‍കിയാല്‍ കൃത്യമായി പണം അടയ്ക്കുമെന്ന് പറഞ്ഞാണ് അജീഷ് പരിചയക്കാരെ സമീപിച്ചത്. സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ തനിക്ക് ഇഎംഐ ലഭിക്കില്ലെന്ന് പറഞ്ഞാണ് അജീഷ് പരിചയക്കാരെ പറ്റിച്ചത്.
20,000 മുതല്‍ 90,000 രൂപ വരെ വില വരുന്ന ഫോണുകളാണ് ഇവരെ കൊണ്ട് വാങ്ങിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷവും ഇഎംഐ അടയ്ക്കാതെ വന്നപ്പോള്‍ പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ പരിചയക്കാരെ സമീപിച്ചതോടെയാണ് തട്ടിപ്പിനിരയാായ കാര്യം അറിയുന്നത്. നെയാറ്റിന്‍കര അക്ഷയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ സഹായത്തോടെയാണ് അജീഷ് ഒരുപാട് പേരെ പറ്റിച്ചതെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. എന്നാല്‍ മൊബൈല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുത്തില്ല. അജീഷിനെ പിടികൂടിയെങ്കിലും ഫോണുകള്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.