കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയും വിറാസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കവിയരങ്ങിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി കവി സച്ചിദാനന്ദന്‍. കവിയരങ്ങില്‍ പങ്കെടുക്കുന്നത് ആരൊക്കെയെന്നതിനെക്കുറിച്ച് ഒരു കവിക്കും അറിയില്ലായിരുന്നുവെന്നും അതിനാല്‍ കവികളെ കുറ്റപ്പെടുത്തുന്നത് ന്യായമല്ലെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കവിയരങ്ങിന് പോകുന്നില്ലെന്ന് മുൻപേ പറഞ്ഞിരുന്നു. തന്റെ രണ്ട് കവിതകള്‍ അയച്ചു നല്‍കിയിരുന്നെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സച്ചിദാനന്ദന്റെ പോസ്റ്റിന് താഴെ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. സംഘാടകര്‍ ആരാണെന്നോ അവര്‍ മുന്‍പ് സംഘടിപ്പിച്ച പരിപാടികളുടെ സ്വഭാവം എന്താണെന്ന് അറിയുകയോ ചെയ്യാതെ ക്ഷണം സ്വീകരിക്കുന്നത് ഉചിതമല്ലെന്നാണ് ശാരദക്കുട്ടി അഭിപ്രായപ്പെട്ടത്.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കവിയരങ്ങിന്റെ കാര്യം ആരോ ശ്രദ്ധയിൽ പെടുത്തി. ഞാന്‍ പോകുന്നില്ലെന്നു മുമ്പേ പറഞ്ഞിരുന്നു. എനിക്ക് ആദ്യം അയച്ചു കിട്ടിയ പോസ്റ്റുകള്‍ പറഞ്ഞത് - അഥവാ ഞാന്‍ മനസ്സിലാക്കിയത്- എന്റെ " പ്രവാചകനും ഉറുമ്പും " എന്ന കവിതയുടെ ചർച്ച ആണെന്നാണ്. അതിനു പറ്റിയ ഒരു കവിത അയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ഒപ്പം എഴുതിയ സിദ്ധാര്‍ത്ഥനും അണ്ണാറക്കണ്ണനും, യേശുവും കഴുതയും എന്നീ കവിതകള്‍ വീഡിയോ ആയി അയക്കുകയും ചെയ്തു. ബാക്കി ആരെല്ലാം എന്ന് ഒരു കവിക്കും അറിയില്ലായിരുന്നു. അതിനാല്‍ കവികളെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല.
'നബിയോര്‍മയിലൊരു കവിയരങ്ങ്' എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിദാനന്ദന് പുറമേ പി കെ ഗോപി, വീരാന്‍കുട്ടി, കെ ഇ എന്‍, കെ ടി സൂപ്പി, എസ് ജോസഫ് തുടങ്ങി മുപ്പതോളം പേരുടെ ചിത്രങ്ങളായിരുന്നു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. പോസ്റ്ററില്‍ ഒരു എഴുത്തുകാരിയെ പോലും ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു വിമര്‍ശനം. പുരുഷ കവിയരങ്ങ് എന്ന് പോസ്റ്ററില്‍ തിരുത്തണമെന്ന് തനൂജ ഭട്ടതിരി വിമര്‍ശിച്ചു. കവിയരങ്ങില്‍ സ്ത്രീപക്ഷ കവിതയാകും കവികള്‍ അവതരിപ്പിക്കുകയെന്നും തുല്യതയെക്കുറിച്ച് ആലോചിച്ചും പറഞ്ഞും അവര്‍ നിറഞ്ഞു കവിയുമെന്നും ശാരദക്കുട്ടിയും പരിഹസിച്ചു. എഴുത്തുകാരി എച്ച്മിക്കുട്ടിയും മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവയിത്രിയുമായ വിജയരാജ മല്ലികയും ഗവേഷകനും എഴുത്തുകാരനുമായ ദിനു വെയിലും രംഗത്തെത്തി. സ്ത്രീകളില്ലാത്തതിനാല്‍ പരിപാടിക്ക് പോകുന്നില്ലെന്ന നിലപാട് കവി സോമന്‍ കടലൂര്‍ സ്വീകരിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി മര്‍കസ് നോളജ് സിറ്റി കവിയരങ്ങ് സംഘടിപ്പിച്ച് വരികയാണ്. ഇതില്‍ ഒരു ഘട്ടത്തില്‍പ്പോലും സ്ത്രീ എഴുത്തുകാരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും നിലപാട് തിരുത്താന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല. പ്രതികരണം നടത്താന്‍ സച്ചിദാനന്ദനെപ്പോലുള്ളവര്‍ തയ്യാറാകുന്നില്ല എന്ന വിമര്‍ശനം ഉയര്‍