കൂത്തുപറമ്പിൻ പോരാളി ഇനി ജ്വലിക്കുന്ന ഓർമ്മ; മുദ്രവാക്യങ്ങളുടെ അകമ്പടിയോടെ പുഷ്പന് അന്ത്യയാത്ര

കണ്ഠമിടറിക്കൊണ്ട് പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പുഷ്പന്റെ ഛേദനയറ്റ ശരീരം ചിതയിലേക്കെടുത്തു

dot image

'പോരാളികളുടെ പോരാളി

കൂത്തുപറമ്പിൻ പോരാളി

ഇല്ല ഇല്ല മരിക്കുന്നില്ല

ജീവിക്കുന്നു ഞങ്ങളിലൂടെ...'

കൂത്തുപറമ്പ് സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ്മ. ചലിക്കാനാകാത്ത ശരീരത്തിനുള്ളിൽ സധാ ചലിക്കുന്ന മനസ്സുമായി 30 വർഷം ജീവിച്ച പുഷ്പൻ കേരളത്തിന് എന്നും വിപ്ലവമെന്ന വാക്കിന്റെ പ്രതീകം കൂടിയായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരിക്കെ തന്റെ 24ാം വയസ്സിൽ സുഷുമ്നയിലേക്ക് വെടിയുണ്ട തുളഞ്ഞുകയറി ചലനമറ്റ് പോയ പുഷ്പൻ നിശ്ചയദാർഢ്യം കൊണ്ട് പാർട്ടിയെപ്പോലും അമ്പരപ്പിച്ചാണ് മൂന്ന് പതിറ്റാണ്ട് സിപിഐഎമ്മിനും ഇടത് പ്രസ്ഥാനങ്ങൾക്കും പ്രചോദനമായി നിന്നത്.

പാർട്ടിയോടുള്ള ആവേശം ഒരിറ്റും ചോരാതെ കാത്തുസൂക്ഷിച്ച പുഷ്പൻ ഇന്ന് വൻ ജനാവലിയുടെ ആദരവേറ്റുവാങ്ങി തീനാളമായി മാറി. ആയിരക്കണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യങ്ങളോടെ പുഷ്പനെ യാത്രയാക്കിയത്. 'കൂത്തുപറമ്പിൻ പോരാളി മരിക്കുന്നില്ല' എന്ന മുദ്രാവാക്യം എം വി ജയരാജൻ ഉറക്കെ ഉറക്കെ വിളിച്ചപ്പോൾ ആയിരങ്ങൾ അത് ഏറ്റ് വിളിച്ചു. കണ്ഠമിടറിക്കൊണ്ട് പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പുഷ്പന്റെ ഛേദനയറ്റ ശരീരം ചിതയിലേക്കെടുത്തു. ചൊക്ലിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു.

1994 നവംബര്‍ 25 ല്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ നേതാക്കളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ കൂത്തുപറമ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം വി രാഘവന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് വെടിയേറ്റത്. ഇതോടെ പുഷ്പന്‍ പൂര്‍ണമായും കിടപ്പിലായി. ഈ സംഭവം നടക്കുമ്പോള്‍ പുഷ്പന് പ്രായം വെറും 24 വയസായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us