നിലമ്പൂർ: സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരണത്തിൽ വിശദീകരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. യുവാക്കൾ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ഒരു പാർട്ടിയും ഉണ്ടാക്കുന്നില്ല. എന്നെ പല പാർട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. കേരളത്തിലെ ജനം ഒരു പാർട്ടിയായി മാറിയാൽ അവരോടൊപ്പം ഞാനുണ്ടാകും. എന്തിനാണ് ഞാനിത്ര റിസ്ക് എടുക്കുന്നുത്. എനിക്ക് എന്താണ് ലാഭം. സകല നേതാക്കന്മാരെയും മന്ത്രിസഭയ്ക്കകത്തും പുറത്തും അരച്ചുകലക്കി. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. കള്ളക്കേസുകൾ കൊടുത്തു എന്റെ സ്വത്ത് ഇല്ലാതാക്കി.
കക്കാടംപൊയിൽ പാർക്ക് പ്രവർത്തിപ്പിക്കുന്നതിന് പ്രശ്നമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് കൊടുത്തതാണ്. ചില സ്ഥലങ്ങൾ സ്റ്റെബിലൈസ് ചെയ്യണം എന്ന് മാത്രമാണ് പറഞ്ഞത്. ഇത് സംബന്ധിച്ച പ്ലാൻ വരച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ട് ഒരാഴ്ചയായി. ഈ സമയത്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്.
ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ കാലിൽ കിടന്ന് ചുറ്റുകയാണ്. ഞാൻ നിങ്ങളുടെ കീഴിൽ 25 കൊല്ലം സേവനം നിന്നോളാമെന്ന്. എല്ലാ കാര്യങ്ങളിലും എന്നോട് ചേദിക്കുന്നു. ഞാനാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്കൊക്കെ തോന്നില്ലേ. ജനങ്ങൾക്ക് കുറച്ചുകൂടി വില ഉണ്ടാവില്ലേ. ഇതിന് തെളിവുണ്ടാക്കാൻ നടന്നതിന് ഇനി ഞാൻ ജയിലിലേക്കാണ് പോവുന്നത്. നാളെ ഈ നാട്ടിലെ ഏതെങ്കിലുമൊരു തെരുവിൽ ഞാൻ വെടികൊണ്ട് വീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ദയവായി പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല. പക്ഷേ സംഘപരിവാർ ഇന്ന് പ്ലാൻ ചെയ്ത് നടത്തിവരുന്ന കാര്യങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്താണ് നമ്മൾ പ്രതികരിക്കേണ്ടത്.
2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ വലിയ സുഖം ഉണ്ടാകില്ല. കേൾക്കാൻ നല്ല രസമാണ്. വർഗീയ കലാപം ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ വലുതാണ്. ബിജെപി അതിനുള്ള ആസൂത്രണം തുടങ്ങി. അൻവറിനെ വർഗ്ഗീയവാദിയാക്കാൻ നടക്കില്ല. ചാപ്പ കുത്താൻ നോക്കിയാൽ നടക്കില്ല', പി വി അൻവർ പറഞ്ഞു.