പ്രമുഖരുമായുള്ള സന്ദര്‍ശനം പതിവുരീതി; എന്തിനെന്ന് വഴിയേ ബോധ്യമാകും; ആര്‍എസ്എസ് നേതാവ് ജയകുമാര്‍

വന്നും പോയും കണ്ടവരുടെ ലിസ്‌റ്റെടുത്താല്‍ സാധാരണക്കാര്‍ മുതല്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വരെയുണ്ടാകുമെന്ന് ജയകുമാര്‍ പറഞ്ഞു

dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ച തള്ളാതെ ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസ് അധികാരിയെ കാണാന്‍ വരുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. പ്രമുഖരുമായുള്ള ആര്‍എസഎസ് നേതാക്കളുടെ സന്ദര്‍ശനം പതിവുരീതിയാണ്. അത് എന്തിനാണെന്ന് വഴിയേ ബോധ്യമാകുമെന്നും ജയകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായെന്ന് ജയകുമാര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായുള്ള ആര്‍എസ്എസ് നേതാക്കളുടെ കൂടിക്കാഴ്ച സംഘടന തുടങ്ങിയ കാലം തൊട്ട് ആരംഭിച്ചതാണ്. ഇതിനിടയില്‍ വന്നും പോയും കണ്ടവരുടെ ലിസ്‌റ്റെടുത്താല്‍ സാധാരണക്കാര്‍ മുതല്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വരെയുണ്ടാകുമെന്ന് ജയകുമാര്‍ പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയവരില്‍ ചീഫ് സെക്രട്ടറിമാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ടാകുമെന്നും ജയകുമാര്‍ പറഞ്ഞു. ഇതില്‍ നിരവധി പേര്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണ്. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായുള്ള സന്ദര്‍ശനം തുടരുമെന്നും ജയകുമാര്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം. എ ജയകുമാറിന് പുറമേ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഹൊസബലെ ദത്താത്രേയയുമായായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയകുമാറിന്റെ മൊഴിയെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയകുമാറിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image