'സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി'; സിദ്ദിഖ് എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് മകൻ ഷഹീൻ സിദ്ദിഖ്

രണ്ട് തവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടെന്നും മകന്‍ ഷഹീന്‍

dot image

കൊച്ചി: സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. പിതാവ് എവിടെയാണെന്ന് അറിയിച്ചില്ലെങ്കില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷഹിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തന്റെ വീട് രണ്ട് തവണ പരിശോധിച്ചിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്നോട് എസ്‌ഐടി മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാല്‍ ഈ ഭീഷണി ന്യായീകരിക്കാന്‍ പറ്റില്ലെന്നും ഷഹീന്‍ വ്യക്തമാക്കി.

'ഇന്നലെ പ്രത്യേക അന്വേഷണ സംഘം എന്റെ വീട്ടില്‍ വന്നിരുന്നു. രണ്ടാം തവണയാണ് അവര്‍ വരുന്നത്. വീട് മുഴുവന്‍ പരിശോധിച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഞാന്‍ ഡല്‍ഹിയില്‍ പോകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് എന്റെ സുഹൃത്ത് നദീറിനെയും പോളിനെയും അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് എസ്‌ഐടി സംഘം കൊണ്ടുപോയത്. ഈ വിവരം 11.30നാണ് ഞാനറിയുന്നത്. ഇത് അറിഞ്ഞതിന് പിന്നാലെ ഞാന്‍ അവരുടെ വീട്ടില്‍ അറിയിക്കുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുയും ചെയ്തു. അവര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് നടന്നതായുള്ള ഒരു വിവരവുമില്ല. രണ്ട് മണിക്ക് എനിക്ക് നദീറിന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ വന്നു. എന്റെ പിതാവ് എവിടെയാണെന്ന വിവരം എസ്‌ഐടിക്ക് നല്‍കിയില്ലെങ്കില്‍ നദീറിനെയും പോളിനെയും അറസ്റ്റ് ചെയ്യുമെന്ന് നദീര്‍ പറഞ്ഞു,' ഷഹീന്‍ പറഞ്ഞു.

കാറ് സുഹൃത്തുക്കള്‍ കൊണ്ടുപോയെന്ന് പറയുന്ന സ്രോതസ് ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നു സുഹൃത്തുക്കള്‍ കാറെടുത്ത് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പ് ഒരു സിനിമാ ഷൂട്ടിങ്ങിനല്ലാതെ പിന്നീട് പൊന്നാനിയില്‍ പോയിട്ടില്ലെന്നും ഷഹിന്‍ വ്യക്തമാക്കി. പൊലീസ് ജിപിഎസ് ലൊക്കേഷനിലെ രേഖ കാണിക്കാന്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിദ്ദിഖിനെ കുറിച്ച് പുറത്ത് വരുന്ന പല വിവരങ്ങളും തെറ്റായതാണെന്നും അതൊക്കെ തമാശയായിട്ടാണ് തോന്നുന്നതെന്നും ഷഹിന്‍ പറയുന്നു. അദ്ദേഹം എവിടെയാണുള്ളത് എന്ന് തനിക്ക് അറിയില്ലെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image