ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

dot image

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതിനിടെ സിദ്ദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകന്‍ ഷഹീന്‍ ആരോപിച്ചു. സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us