കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ ഫെഫ്കയുടെ നടപടിക്കെതിരെ പരാതി നല്‍കിയ ഫിലിം ചേമ്പറിന് മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോര്‍ കമ്മിറ്റിയും ടോള്‍ ഫ്രീ നമ്പറും തുടങ്ങിയത് ചര്‍ച്ചകള്‍കൊടുവിലാണെന്ന് ഫെഫ്ക നേതൃത്വം പറഞ്ഞു. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിര്‍മാതാവാണ്. അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുക. വനിതകളുട കോര്‍ കമ്മിറ്റി സ്ഥിരം സംവിധാനമാണ്. ഫെഫ്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകള്‍ അപലപനീയമാണെന്നും സംഘടന പറഞ്ഞു.
ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബര്‍ സംസ്ഥാന സര്‍ക്കാരിനും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. സിനിമാ ലൊക്കേഷനുകളില്‍ രൂപീകരിക്കുന്ന ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് നിയമപ്രകാരം സ്ത്രീകള്‍ പരാതി നല്‍കേണ്ടത്. ഐസിസി നടപടി പരിശോധിക്കുവാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുള്ള സാഹചര്യത്തില്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്. ഫെഫ്കക്ക് എതിരെ നടപടി വേണമെന്നും സര്‍ക്കാരിനും വനിതാ കമ്മീഷനും നല്‍കിയ കത്തില്‍ ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘടനയെ അറിയിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംവിധാനപ്പെടുത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ ആയിരുന്നു പരാതി ഉന്നയിക്കുന്നതിനായി ഏര്‍പ്പെടുത്തിയത്. പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുന്നതും സ്ത്രീകള്‍ ആയിരിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സിനിമാ മേഖലയിലെ പ്രമുഖ സംഘടനയായ ഫിലിം ചേംബറിന്റെ നീക്കം. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് സ്ത്രീകളടക്കം പരാതി അറിയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാന്‍ മോണിറ്ററിങ് കമ്മറ്റി ഉണ്ട്. ഫെഫ്‌ക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബര്‍ ആവശ്യപെടുന്നുണ്ട്.