പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയെ കളങ്കപ്പെടുത്തുന്നു; മുഖ്യമന്ത്രിയുടെ 'മലപ്പുറം' പരാമര്‍ശത്തില്‍ എസ്‌വൈഎസ്

അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്

dot image

മലപ്പുറം: സ്വര്‍ണ്ണക്കടത്തില്‍ മലപ്പുറത്തേക്ക് വിരല്‍ ചൂണ്ടുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയെ കളങ്കപ്പെടുത്തുന്നുവെന്ന് സമസ്ത യുവജന വിഭാഗം. എസ്‌വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രി മലപ്പുറത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി കള്ളക്കടത്തുകാരെയും സംഘ് പരിവാറിനെയും വെളുപ്പിക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കുമെന്നും എസ്‌വൈഎസ് പറഞ്ഞു.

ഉദ്യോഗസ്ഥ ബന്ധം പറയുന്ന ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണം. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം അനിവാര്യമെന്നും എസ്‌വൈഎസ് ജില്ലാ കമ്മിറ്റി പറഞ്ഞു. മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കേരളത്തിലെത്തുന്നതെന്നാണ് പറഞ്ഞത്. '123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വര്‍ണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനമുന്നയിക്കുന്നത്.

അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിന്റെ സ്വര്‍ണക്കടത്ത്, ഹവാല വേട്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും മുഖ്യനമന്ത്രി പറഞ്ഞു.

വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികള്‍ക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാല്‍ തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image