സിദ്ദിഖിന് ഇന്ന് നിര്‍ണ്ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും എതിര്‍പ്പ് കൂടി പരിഗണിച്ചാവും സുപ്രീംകോടതി തീരുമാനമെടുക്കുക.

dot image

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയിലെ ആക്ഷേപം.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും എതിര്‍പ്പ് കൂടി പരിഗണിച്ചാവും സുപ്രീംകോടതി തീരുമാനമെടുക്കുക.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. അതിനിടെ സിദ്ദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകന്‍ ആരോപിച്ചു. സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിന്റെ വീഴിച്ചയാണെന്ന ആരോപണവും ശക്തമാണ്.

dot image
To advertise here,contact us
dot image