പീഡനക്കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തില്‍ നടന്റെ മൊഴി രേഖപ്പെടുത്തി

ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍

dot image

കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്‌റെയാണ് ചോദ്യം ചെയ്തത്. ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും നടന്‍ അന്വേഷണസംഘത്തിന് കൈമാറി. ഇക്കാര്യം നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയങ്ങളില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്.

നിവിന്റെ പരാതിയില്‍ യുവതിയെയും ഭര്‍ത്താവിനെയും എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ നിവിന്‍ പോളി അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മ്മാതാവ് എ കെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്.

dot image
To advertise here,contact us
dot image