ഇലന്തൂര്‍: തോമസ് ചെറിയാന്റെ മൃതശരീരം കണ്ടെത്തിയെന്ന വിവരം ലഭിച്ചപ്പോള്‍ സമ്മിശ്ര അനുഭവമാണുണ്ടായതെന്ന് കുടുംബം. അദ്ദേഹം പോയത് പോലും ഓര്‍മയില്ലെന്നും കത്തുകള്‍ വരാറുണ്ടായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. 1968ലെ വിമാനാപകടത്തില്‍ മരിച്ച സൈനികന്റെ മൃതശരീരം ലേ ലഡാക്ക് മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. 56 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടെത്തലില്‍ റിപ്പോര്‍ട്ടറുമായി പ്രതികരിക്കുകയായിരുന്നു കുടുംബം.
'സന്തോഷവും സങ്കടവുമുണ്ട്. മരിക്കുന്ന സമയത്ത് എനിക്ക് എട്ട് വയസാണ്. പോയത് ഓര്‍ക്കുന്നില്ല. മരിക്കുന്നതിന് മുമ്പ് കത്ത് സ്‌കൂളില്‍ നിന്ന് ഞാനാണ് കൊണ്ടുവന്നത്. ആദ്യത്തെ പോസ്റ്റിങ്ങാണ്, ജോലിക്ക് പോകുകയാണെന്നാണ് കത്തിലുണ്ടായത്. 2003ല്‍ മരിച്ചുവെന്ന് പറഞ്ഞ് ഒരു കത്ത് വന്നു. വിമാനാപകടത്തില്‍ കാണാതായെന്നാണ് അതുവരെ വന്ന വിവരം. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നു. മൃതദേഹം കണ്ടാലെ ഇനി മനസിലാകുകയുള്ളു,' സഹോദരന്‍ പറഞ്ഞു.
തോമസിന്റെ കുറിച്ച് പറഞ്ഞിട്ടുള്ള അറിവേയുള്ളുവെന്ന് ബന്ധു പറഞ്ഞു. എങ്കിലും അദ്ദേഹം തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മൃതശരീരം കണ്ടെത്തിയ വിവരം മാത്രമേ കുടുംബത്തിന് ലഭിച്ചുള്ളുവെന്നും കുടുംബം പറയുന്നു. സഭയ്ക്കനുസൃതമായി ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
മരിക്കുമ്പോള്‍ 22 വയസായിരുന്നു തോമസ് ചെറിയാന്. എട്ടും 12ഉം വയസായിരുന്നു ആ സമയത്ത് സഹോദരങ്ങള്‍ക്ക്. തോമസ് ചെറിയാന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണുണ്ടായത്.
1968 ഫെബ്രുവരി ഏഴിനാണ് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടമുണ്ടായത്. കാണാതായവരില്‍ ആകെ കണ്ടെടുത്തത് 9 പേരുടെ മൃതദേഹമാണ്. തോമസ് ചെറിയാന് പുറമെ അഞ്ച് മലയാളികളെ കൂടി കണ്ടെത്താനുണ്ട്.