മലര്‍ന്നു കിടന്ന് തുപ്പുന്നു; സിപിഐക്കെതിരെ കേരള കോണ്‍ഗ്രസ് എം യുവജന സംഘടന

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിപിഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റുവെന്ന് ഓര്‍ക്കേണ്ടതാണെന്നും ഡിനു ചാക്കോ

dot image

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സിപിഐ കടലാസ് പുലി പോലുമല്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗം യൂത്ത് ഫ്രണ്ട് എം. പ്രസ്താവനകൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിപിഐ തങ്ങള്‍ മത്സരിച്ച എല്ലാ സീറ്റിലും തോറ്റുവെന്ന് ഓര്‍ക്കേണ്ടതാണെന്നും ഡിനു ചാക്കോ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ മൂഢസ്വര്‍ഗത്തിലാണ് കഴിയുന്നത്. സ്വന്തമായി പത്ത് വോട്ട് തികച്ചെടുക്കാനില്ലാത്ത, പത്ത് നേതാക്കളെ കൂട്ടാനില്ലാത്ത സിപിഐ എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത് എലി മല ചുമക്കുമെന്നു പറയുന്നതിന് തുല്യമാണെന്നും ഡിനു പരിഹസിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ ബൂത്തിലും വാര്‍ഡിലും എത്ര വോട്ട് കിട്ടി എന്ന് സിപിഐ ആദ്യം വിലയിരുത്തണം. എന്നിട്ടുവേണം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍. കോട്ടയത്തെ ചില സിപിഐ നേതാക്കള്‍ക്ക് മാധ്യമ സിന്‍ഡ്രോം പിടിപെട്ടിരിക്കുകയാണ്.

സ്വയം സൃഷ്ടിച്ച പ്രതിച്ഛായയുടെ തടവില്‍ കിടന്ന് മുന്നണിയിലെയും ഭരണത്തിലെയും എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് സിപിഐ മലര്‍ന്നു കിടന്ന് തുപ്പുകയാണ്. തങ്ങള്‍ കൂടി കക്ഷിയായ സര്‍ക്കാരിനെതിരെ, അല്ലെങ്കില്‍ മുന്നണിയിലെ ഘടകക്ഷികള്‍ക്കെതിരെ പ്രതികരിച്ച് മാധ്യമശ്രദ്ധ നേടുന്നതിനുവേണ്ടി നടത്തുന്ന വൃഥാ ശ്രമങ്ങളായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍മുതല്‍ തുടങ്ങിയതാണ് സിപിഐ ഒളിഞ്ഞും തെളിഞ്ഞും കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഇത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കേരള കോൺ​ഗ്രസിന്റെ വലുപ്പം അമിതമായി കണ്ടെന്ന വിമർശനം ഉയർത്തി സിപിഐ കഴിഞ്ഞ ​​ദിവസം രംഗത്തെത്തിയിരുന്നു. അത്ര വലുപ്പമൊന്നും അവർക്കില്ലെന്നും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനരീതി തിരുത്തണമെന്നും സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിൽനിന്ന് ആവശ്യമുയർന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us