പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് ചുമതലകള്‍ നല്‍കി. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസിനെ കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവർക്കും ചുമതല നല്‍കി.
വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതലകള്‍ നല്‍കിയിട്ടുണ്ട്. തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്. ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ ചുമതലയുമാണ് നല്‍കിയത്. ഹൈബി ഈഡന്‍-വണ്ടൂര്‍, സണ്ണി ജോസഫ്- മാനന്തവാടി, സി ആര്‍ മഹേഷ്- ഏറനാട് എന്നിവിടങ്ങളുടെ ചുമതലയുമാണ് നല്‍കിയത്. നിയോജക മണ്ഡലങ്ങളിലെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പിന് നേരിടുന്നത് മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.