മുസ്‌ലിം ലീഗില്‍ നക്‌സസ് വിവാദം; ഇടതുപക്ഷവുമായി ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമര്‍ശനം

ആരോപണങ്ങള്‍ തള്ളി ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തി

dot image

മലപ്പുറം: മുസ്‌ലിം ലീഗില്‍ നക്‌സസ് വിവാദം. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ നടത്താനിരുന്ന കെ എം ഷാജിയുടെ പരിപാടി നേതൃത്വം ഇടപെട്ട് മുടക്കിയെന്നാണ് ആരോപണം. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായെന്നാണ് നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയരുന്ന വിമര്‍ശനം.

മലപ്പുറം ജില്ലയിലെ പല വിഷയങ്ങളിലും സമര രംഗത്ത് നിന്ന് മുസ്‌ലിം ലീഗ് പിന്‍വാങ്ങുന്നു എന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. നേതൃത്വം ഇടപെട്ട് അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ലീഗിലെ പുതിയ വിവാദം. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് നിലമ്പൂരില്‍ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കെ എം ഷാജിയെ ആയിരുന്നു പ്രമേയ പ്രഭാഷകനായി തീരുമാനിച്ചിരുന്നത്. കെ എം ഷാജി ഡേറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് പരിപാടി തീരുമാനിച്ചു. കെ എം ഷാജിയുടെ ചിത്രം വെച്ച് പോസ്റ്റര്‍ അടിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ മുസ്‌ലിം ലീഗിന്റെ ജില്ലാ, സംസ്ഥാന തലത്തിലുള്ള ചില നേതാക്കള്‍ ഇടപെട്ട് പരിപാടി മുടക്കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇടതുപക്ഷത്തിലെ ചില നേതാക്കള്‍ മുസ്‌ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നക്‌സസ് വര്‍ക്ക് ചെയ്ത് പരിപാടി റദ്ദ് ചെയ്തു എന്നുമാണ് വിമര്‍ശനം. ലീഗിന്റെ ഔദ്യോഗിക, അനൗദ്യോഗിക ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ തള്ളി ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. അങ്ങനെയൊരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും പോസ്റ്റര്‍ തയ്യാറാക്കിയില്ലെന്നുമാണ് മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us