എസ്എടിയിലെ വൈദ്യുതി മുടക്കം; രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

dot image

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വൈദ്യുതി മുടങ്ങിയിട്ടും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും മന്ത്രിയുടെ നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റർ പ്രവർത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റർ എടുക്കുന്നതിൽ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം തടസപ്പെടുന്നത്. മൂന്ന് മണിക്കൂറോളം രോഗികൾക്കുൾപ്പടെ ഇരുട്ടിൽ കഴിയേണ്ടി വന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

എസ്എടി ലൈനിലും ട്രാൻസ്ഫോമറിലും നടന്ന അറ്റകുറ്റപ്പണിക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ ആശുപത്രിയിൽ വൈദ്യുതി എത്തിയില്ല. ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിലായതായിരുന്നു കാരണം. ഏഴര വരെ ജനറേറ്റർ പ്രവർത്തിച്ചെങ്കിലും അതിന് ശേഷം രണ്ട് ജനറേറ്ററും തകരാറിലായി.

സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധം ശക്തമാക്കി. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ജനറേറ്റർ എത്തിച്ച് വൈദ്യുതി പുനസ്ഥാപിച്ചത്. കുട്ടികളുടെ വിഭാഗം, ഐസിയു എന്നിവടങ്ങളിൽ പ്രശ്‌നമുണ്ടായിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us