കൊച്ചി: ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. ആർഎസ്സിന്റെ ആക്റ്റീവ് പാർട്ണർ ആയി സിപിഐഎം മാറി. ആർഎസ്എസ്സിനെതിരായ കേസുകൾ സംസ്ഥാന സർക്കാർ ഒതുക്കി തീർക്കുകയാണ്. ആർഎസ്എസ്സുകാർ പ്രതിയാകുന്ന കേസുകളിൽ പൊലീസിന് നിരന്തരം വീഴ്ച സംഭവിക്കുന്നുണ്ട്. മലപ്പുറം പ്രസ്താവന മുഖ്യമന്ത്രിയുടെ ആർഎസ്എസ് അനുകൂല താല്പര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറയാത്ത വാക്കുകൾ രാജ്യത്തെ പ്രധാന പത്രം അച്ചടിക്കുമെന്ന് കരുതുന്നില്ലെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് ഒക്ടോബർ 8ന് യുഡിവൈഎഫ് നിയമസഭ മാർച്ച് നടത്തും.
കെ എം ഷാജിയുടെ പരിപാടി വിലക്കിയ സംഭവം കാഫിർ പോസ്റ്റർ പോലെ നടത്തിയ നീക്കമാണ്. ഇറക്കാത്ത പോസ്റ്ററിന്റെ പേരിൽ ചർച്ചയുണ്ടാക്കി. പിന്നീട് പാർട്ടി ഇടപെട്ട് പരിപാടി മാറ്റിവെച്ചെന്ന് പ്രചരിപ്പിച്ചു. നിലവിലെ ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയത്. മുസ്‌ലിം ലീഗില്‍ നക്‌സസ് വിവാദമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ നടത്താനിരുന്ന കെ എം ഷാജിയുടെ പരിപാടി നേതൃത്വം ഇടപെട്ട് മുടക്കിയെന്ന ആരോപണം ഉയർന്നിരുന്നു. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായെന്നാണ് നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയരുന്ന വിമര്‍ശനം. ഇതിനോടാണ് ഫിറോസിന്റെ പ്രതികരണം.
8 വർഷം കടന്നൽ രാജയായി ആഘോഷിച്ചയാളെയാണ് വർഗീയ ചാപ്പ കുത്തിയതെന്ന് അൻവറിനെതിരായ ഇടത് നിലപാടിൽ ഫിറോസ് പറഞ്ഞു. എതിർത്ത് സംസാരിച്ചപ്പോൾ അൻവറിനെ വർഗീയവാദിയാക്കിയെന്നും ഫിറോസ് കുറ്റപ്പെടുത്തി. കൊച്ചി യുഡിവൈഎഫ് നേതാക്കൾ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.