ന്യൂഡല്‍ഹി:'ദ ഹിന്ദു'വിന് അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത് കെയ്‌സന്‍ സിഇഓ വിനീത് ഹാണ്ഡയും 'സുബ്രഹ്‌മണ്യം' എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയും. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ആരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ നിന്ന് ഇടതുപക്ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശോഭന കെ നായര്‍ക്കാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്.
മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവ പരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തില്‍ 2008ലാണ് കൈസണ്‍ പിആര്‍ ഏജന്‍സി ആരംഭിച്ചത്. 170 ജീവനക്കാരാണ് ഈ കമ്പനിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഡല്‍ഹിയിലെ ഗിതോര്‍ണിയിലുള്ള കമ്പനിയില്‍ 50ഓളം ജീവനക്കാരുണ്ട്.
കമ്പനി പ്രസിഡന്റ് മലയാളിയായ നിഖില്‍ പവിത്രനാണ്. മുംബൈ കേന്ദ്രീകരിച്ചാണ് നിഖില്‍ പവിത്രന്‍ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്‌സനിലെത്തിയ നിഖില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡന്റായത്. വേദാന്ത, നാസ്‌കോം ഫൗണ്ടേഷന്‍ പോലുള്ള വലിയ സ്ഥാപനങ്ങള്‍ കെയ്‌സന്റെ ഇടപാടുകാരാണ്.
നേരത്തെ ദുബൈയിലെ ഖലീജ് ടൈംസില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം വന്നതിന് പിന്നിലും കെയ്‌സന്‍ മുഖേനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഖലീജ് ടൈംസിനെ ഇമെയില്‍ വഴി ബന്ധപ്പെടുകയായിരുന്നു. പ്രളയം, പുനരധിവാസം എന്നിവ സംബന്ധിച്ചു മാത്രമായിരിക്കണം ചോദ്യങ്ങളെന്നും ഖലീജ് ടൈംസിനോട് നിര്‍ദേശിച്ചിരുന്നു.
ഇത് പ്രകാരം ഖലീജ് ടൈംസ് അയച്ചു കൊടുത്ത ചോദ്യങ്ങള്‍ക്ക് കെയ്‌സനാണ് മറുപടി നല്‍കിയത്. സെപ്റ്റംബര്‍ അഞ്ചിന് ഓണ്‍ലൈനിലും ആറിന് പത്രത്തിലും മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഈ അഭിമുഖത്തിനായി പത്രത്തിന്റെ പ്രതിനിധികളാരും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നില്ല.