പി വി അൻവറിന്റെ പാർട്ടി രൂപീകരണത്തെ എതിർത്ത് കെ ടി ജലീൽ; പാർലമെന്ററി ജീവിതം അവസാനിപ്പിക്കുന്നു

'വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ, മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല'

dot image

മലപ്പുറം: പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കില്ലെന്നും കെ ടി ജലീൽ എംഎൽഎ. വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ തള്ളിപ്പറയില്ല. അത് വർഗീയ ധ്രുവീകരണം ഉണ്ടാക്കും. പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയിൽ വിളിച്ച് വാർത്താസമ്മേളനത്തിലായിരുന്നു ജലീലിന്റെ പരാമർശം.

20 വർഷത്തിനിടെ അഞ്ച് തവണ മന്ത്രിയായി. സിപിഐഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പിവി അൻവർ കേരളത്തിലെ പൊലീസ് സേനയെ കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അതിൽ ശരികൾ ഉണ്ടെന്ന് അന്ന് താൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാർട്ടിയേയും നേരിൽ കണ്ട് അത് അറിയിക്കുകും ചെയ്തു. കേരളത്തിലെ മുഴുവൻ പൊലീസ് സേനയിൽ പ്രശ്നമുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രൂപീകരിച്ചത്. റിപ്പോർട്ട് വരുന്ന വരെ കാത്തിരിക്കാം എന്ന് പി വി അൻവറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയെന്നും കെ ടി ജലീൽ പറഞ്ഞു.

വർഗീയ താൽപര്യമുള്ളവർ കുറച്ചുകാലങ്ങളായി പൊലീസിൽ ഉണ്ട്. വർ​ഗീയത വെച്ചുപുലർത്തുന്നവരെ ഒരിക്കലും പൊലീസ് സേനയിൽ നിലനിർത്തില്ല. പൊലിസിൽ വർഗീയത തുടങ്ങി വെച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ല. ഇ എൻ മോഹൻദാസിന് ആർഎസ്എസ് ബന്ധമാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ശശിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന വാദവും താൻ അം​ഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധു നിയമന വിവാ​ദത്തിലും കെ ടി ജലീൽ പ്രതികരിച്ചു. ബന്ധു നിയമന വിവാദത്തിൽ സിറിയക്ക് ജോസഫിനെ ലീഗ്‌ നേതാക്കൾ സ്വാധീനിച്ചു. ബന്ധു നിയമനം എന്ന പേരിൽ ലീഗ് പല പ്രചാരണം നടത്തി. തന്നോട് ചോദിക്കുക പോലും ചെയ്യാതെ ആണ് തനിക്ക് എതിരായി ലോകായുക്ത വിധിച്ചത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകി. പിന്നീട് അത് തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. പൊതുപ്രവർത്തന രംഗത്ത് വലിയ വിഷമം ഉണ്ടാക്കിയ സംഭവമാണതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഗാന്ധി വിരുദ്ധ പരാമർശമാണ് 'സ്വർഗ്ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകം എഴുതാൻ കാരണമായതെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image