ഇടുക്കി: പി വി അൻവർ കാണിച്ചത് പിറപ്പ് പണിയെന്ന് സിപിഐഎം എംഎൽഎ എം എം മണി. അൻവർ പോയാൽ "ഛീ പൂ" എന്നും എം എം മണി പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തി. മാന്യതയുണ്ടെങ്കിൽ അൻവർ രാജി വയ്ക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. തന്നെ പുറത്താക്കിയാലും തന്നെ കേൾക്കാൻ ആള് വരും. പാർട്ടിക്ക് പി ആർ ഇല്ല. താഴെ മുതൽ മുകളിൽ വരെ സിസ്റ്റമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎമ്മെന്നും എം എം മണി പറഞ്ഞു.
സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങളുന്നയിച്ച അൻവറിനെ സിപിഐഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് ഇനി ഇടതുമുന്നണിയുടെ ഭാഗമായിരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചത്. സിപിഐഎം ബന്ധം ഉപേക്ഷിച്ച അൻവർ ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അൻവർ രംഗത്തെത്തിയത്. ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അൻവർ ആരോപിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അൻവർ കുറ്റപ്പെടുത്തിയിരുന്നു.
അൻവറിന് ചുവടുപിടിച്ച് പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ കനത്ത വിമർശനമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം അൻവർ അടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്നുണ്ട്. പി ആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പിആർ ഏജൻസി അഭിമുഖം നൽകിയതെങ്കിൽ കേസെടുക്കാൻ തയ്യാറാണോ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചത്.