അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; ആരോപണങ്ങള്‍ തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്

തന്റെ ലോറിക്ക് അര്‍ജുന്റെ പേര് തന്നെ ഇടുമെന്ന് മനാഫ്

dot image

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തെ തള്ളിപ്പറയില്ലെന്നും അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്റെ പേരില്‍ ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു.

'ഗംഗാവലി പുഴയുടെ തീരത്ത് നില്‍ക്കുമ്പോള്‍ എനിക്ക് ആരോടെങ്കിലും സംസാരിക്കണം. വീഡിയോ എടുക്കണമെന്ന് വിചാരിച്ചാണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുനെ കിട്ടുന്നതോടെ ആ യൂട്യൂബ് ചാനലിന് അര്‍ത്ഥമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇനി ആ യൂട്യൂബ് ചാനല്‍ ഞാന്‍ ഉഷാറാക്കും. ആരുടെയും തറവാട്ട് സ്വത്തില്‍ നിന്നല്ല ഞാന്‍ ഇതൊന്നും ചെയ്യുന്നത്. എന്റെ ലോറിക്ക് അര്‍ജുന്‍ എന്ന് തന്നെ പേരിടും. ഇതൊന്നും എനിക്ക് പ്രശ്‌നമല്ല,' മനാഫ് പറഞ്ഞു. തന്റെ പി ആര്‍ വര്‍ക്ക് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതില്‍ എന്താണ് തെറ്റ്. അര്‍ജുനെ ജനങ്ങള്‍ മറന്നു പോകാതിരിക്കാനാണ് വീഡിയോയിട്ടത്. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കില്‍ ധൈര്യത്തിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയത്,' അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് ചോദിച്ച മനാഫ് അവരെ ഇനിയും കുടുംബമായിട്ട് തന്നെ കാണുമെന്നും കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ അമ്മ സ്വന്തം അമ്മയെ പോലെയാണെനന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന്റെ ഫോണുകളെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'നേരിട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ പറ്റില്ല. ആക്ഷന്‍ കമ്മിറ്റിയെ കാണാന്‍ കൂടെ തിരുവനന്തപുരത്ത് പോകാന്‍ ജിതിനോട് വരാന്‍ പറഞ്ഞു. ഇപ്പോള്‍ എന്നെ സംബന്ധിച്ച് അതിന്റെ ആവശ്യമില്ലെന്നും ഫോണ്‍ ചെയ്താല്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ സാധിക്കുമെന്നും ജിതിന്‍ പറഞ്ഞു. താണ് വണങ്ങി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ലഭിക്കുമല്ലോ എന്ന് കരുതി ഞാനും പോയി. നിങ്ങള്‍ എല്ലാവരും വേണ്ടാത്ത ഹൈപ്പ് തന്നത് അവര്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഡ്രഡ്ജര്‍ കൊണ്ടുവരാന്‍ ഞാനടക്കം ബെംഗളൂരില്‍ പോയപ്പോഴും അവര്‍ എന്നെ വിളിച്ചില്ല,' മനാഫ് പറഞ്ഞു.

കുടുംബം പരാതി കൊടുത്തോട്ടെയെന്നും താന്‍ എന്തിനും തയ്യാറാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. ഈശ്വര്‍ മാല്‍പെ, രഞ്ജിത് ഇസ്രയേല്‍ തുടങ്ങി കൂടെനിന്നയാരെയും തള്ളിപ്പറയില്ലെന്നും അവരോട് നന്ദിയുണ്ടെന്നും മനാഫ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us