തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എംഎൽഎ. മലപ്പുറം ജില്ലയെ തീവ്രവാദ ജില്ലയാക്കിയ വരികൾ റിലയൻസ് പ്രതിനിധിയായ സുബ്രഹ്മണ്യനാണ് എഴുതി നൽകിയതെന്നും വിവാദ അഭിമുഖത്തോടെ പിണറായി വിജയൻ്റെ മുണ്ട് അഴിഞ്ഞ് കാക്കി ട്രൗസർ പുറത്തായെന്നും എം കെ മുനീർ പറഞ്ഞു. കലാപം നടത്താൻ മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകിയെന്നും മുനീർ ആരോപിച്ചു. സിപിഐഎമ്മിന് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും എന്ന് മുതലാണ് കയ്പ് നീരായതെന്നും മുമ്പ് അമ്പലപ്പുഴ പാൽപ്പായസമായിരുന്നല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 29 ന് രാവിലെ ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ ശോഭനാ കെ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണക്കടത്ത്, ഹവാല പണം സംസ്ഥാന, ദേശ വിരുദ്ധ പ്രവത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ഉള്ളത്.
ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന വിമർശനങ്ങള്‍ പിന്നാലെ ശക്തമായി. എന്നാല്‍ അഭിമുഖത്തില്‍ മുഖ്യമന്ത്രി പ്രത്യേക സ്ഥലത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്ന പദം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. കെയ്സൻ എന്ന പി ആർ ഏജൻസിയാണ് പരാമർശങ്ങൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചതെന്നായിരുന്നു ദ ഹിന്ദുവിന്റെ പ്രതികരണം. ആരോപണ വിധേയമായ പി ആർ ഏജൻസിക്ക് റിലൻസ് ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.