നിലമ്പൂര്‍: താന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണെന്ന വാര്‍ത്ത ശരിയല്ലെന്ന് നാടക കലാകാരി നിലമ്പൂര്‍ ആയിഷ. അന്‍വറിനോട് സ്‌നേഹമുണ്ടെന്നും അതിലേറെ സ്‌നേഹം പാര്‍ട്ടിയോടുണ്ടെന്നും ആയിഷ പറഞ്ഞു. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ആയിഷ സന്ദര്‍ശിച്ചത് ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ആയിഷ രംഗത്തെത്തിയത്.
'ഇന്ന് അന്‍വറിന്റെ വീടിന്റെ മുന്നില്‍ കൂടി പോയപ്പോള്‍ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. എംഎല്‍എയോട് സ്‌നേഹമുണ്ട്. പാര്‍ട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കള്‍ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതില്‍ ഖേദിക്കുന്നു. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയില്‍ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളര്‍ത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ല. ലാല്‍ സലാം,' നിലമ്പൂര്‍ ആയിഷ പറഞ്ഞു.
നിലമ്പൂര്‍ ആയിഷയെ പിന്തുണച്ച് സിപിഐഎം നേതാവ് പി കെ ശ്രീമതിയും രംഗത്തെത്തി. നിലമ്പൂര്‍ ആയിഷയ്‌ക്കൊപ്പമുള്ള ചിത്രം പി കെ ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ചു. 'എന്നും ഇടതു പക്ഷത്തോടൊപ്പം.നിലമ്പൂർ ആയിഷ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. അന്‍വറിന്റെ ഒതായിലെ വീട്ടില്‍വെച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാണെന്നും ആയിഷ വ്യക്തമാക്കിയിരുന്നു. മാപ്പിള പാട്ട് ഗായകന്‍ ബാപ്പു വെള്ളിപറമ്പും ആയിഷക്കൊപ്പം ഉണ്ടായിരുന്നു.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂര്‍ണ്ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി.