മുഖ്യമന്ത്രിക്ക് കമ്മ്യൂണിസം പറയാം, പക്ഷെ 'കമ്മ്യൂണലിസം'പറയരുത്, അത് അപകടമാണ്; പി കെ കുഞ്ഞാലിക്കുട്ടി

'വർഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടക്കൽ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്'

dot image

മലപ്പുറം: മുഖ്യമന്ത്രിയുടെ 'മലപ്പുറം പ്രസ്താവന'യ്ക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന് ശക്തമായ ശ്രമം നടക്കുന്നുവെന്നും അത്തരം ശക്തികൾക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന പരമാർശമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ ‘കമ്മ്യൂണലിസം’ പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടക്കൽ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന് നാവുപിഴ വന്നതായിരുന്നുവെങ്കിൽ ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ ഇതിപ്പോൾ ഒരു പി ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. ഏതാണ് ഈ പി ആർ ഏജൻസിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേ സമയം ദ ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത് എത്തിയിരുന്നു. ഹിന്ദുവിൽ വന്നത് താൻ പറയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹിന്ദു പത്രം അവർക്ക് പറ്റിയ വീഴ്ച സമ്മതിച്ചു. ഏതെങ്കിലുമൊരു മത വിഭാ​ഗത്തെ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക പ്രദേശത്തിനോ വിഭാ​ഗത്തിനോ എതിരായി തന്റെ ഭാ​ഗത്തുനിന്ന് പരാമർശങ്ങളുണ്ടാകാറില്ല എന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ ഹിന്ദു ദിനപത്രവും വിശദീകരണം നൽകിയിരുന്നു. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു. അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us