'കലാപാഹ്വാനത്തിന് കേസെടുക്കണം'; ഹിന്ദു പത്രത്തിനും പി ആര്‍ ഏജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കേരളത്തില്‍ കലാപാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിന്ദു പത്രത്തിനും കെയ്‌സനുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും പി ആര്‍ ഏജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഹിന്ദു പത്രത്തിനും കെയ്‌സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി.

സെപ്റ്റംബര്‍ 29 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നിഷേധിക്കുകയും വിശദീകരണവുമായി ഹിന്ദു പത്രം രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായി. കേരളത്തില്‍ കലാപാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിന്ദു പത്രത്തിനും കെയ്‌സറിനുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ മാധ്യമപ്രവർത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണക്കടത്ത്, ഹവാല പണം സംസ്ഥാന, ദേശ വിരുദ്ധ പ്രവത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പി വി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ വിശദീകരണം തേടി പത്രത്തിന്റെ എഡിറ്റര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചു.

അഭിമുഖത്തില്‍ മുഖ്യമന്ത്രി പ്രത്യേക സ്ഥലത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ എന്ന പദം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ പി ആര്‍ ഏജന്‍സിയായ കെയ്‌സന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുഖ്യമന്ത്രിയുടെ അരമണിക്കൂര്‍ അഭിമുഖമെടുത്തതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. സെപ്റ്റംബര്‍ 21 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി ആര്‍ ഏജന്‍സി ആവശ്യപ്പെട്ടതായും ഹിന്ദു ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ കെയ്‌സന്‍ നിഷേധിക്കുകയാണ് ചെയ്തത്.

dot image
To advertise here,contact us
dot image