അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; സിപിഐക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

റിപ്പോര്‍ട്ട് ലഭിക്കും വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സിപിഐ

dot image

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാന പൊലിസ് മേധാവിയുടെ അന്വേഷണ റിപോർട്ട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി എക്സിക്യൂട്ടിവ് യോഗത്തെ അറിയിച്ചു.അജിത് കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്ന് മാറ്റാതെ പറ്റില്ലെന്നും
ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ പറഞ്ഞു

എഡിജിപിയെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായും എകെജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് എഡിജിപിക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

തൃശ്ശൂര്‍ പൂരം കലക്കൽ, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും എഡിജിപിയെ തള്ളിപറയാനോ പദവിയില്‍ നിന്നും മാറ്റി നിര്‍ത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അജിത് കുമാറിനെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യത്തോട് അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്ന മറുപടി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി.

അതിനിടെ പൂരം കലക്കല്‍ വിവാദത്തില്‍ അജിത് കുമാറിനെതിരെ ഇന്ന് ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും ക്രെംബ്രാഞ്ച് എഡിജിപിയും ഇന്റലിന്‍സ് മേധാവിയുമാണ് അന്വേഷണം നടത്തുക.

dot image
To advertise here,contact us
dot image